വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരേ വീണ്ടും വധശ്രമം. ഞായറാഴ്ച ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ കളിക്കുന്നതിനിടെ ട്രംപിനു തൊട്ടടുത്ത് വെടിവയ്പ് നടക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൂടിയാണ് 78 കാരനായ ട്രംപ്. ഗോൾഫ് ക്ലബ്ബിൽ ട്രംപ് നിന്നതിന് 500 അടി അകലെയായിരുന്നു അക്രമി വെടിയുതിർത്തത്. ആക്രമണം നടത്തിയ റയാൻ വെസ്ലി റൂത്ത് എന്നയാളെ രഹസ്യപോലീസ് ഉടൻ പിടികൂടി. ഒന്നിലേറെത്തവണ ഇയാൾ വെടിയുതിർത്തതായും സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിവച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു ശേഷം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച റയാൻ വെസ്ലിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എകെ 47 തോക്ക്, കാമറ, രണ്ട് ബാഗുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. വെടിവയ്്പ് നടന്ന സമയത്ത് ട്രംപ് ക്ലബ്ബിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ട്രംപിനു പരിക്കില്ലെന്നും അദ്ദേഹം പൂർണമായും സുരക്ഷിതനാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
താൻ സുരക്ഷിതനാണെന്നു തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ട്രംപും അറിയിച്ചു. ഒരിക്കലും കീഴടങ്ങില്ലെന്നും അമേരിക്കക്കാർക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ സേനാംഗങ്ങളെ പ്രശംസിക്കുകയാണ്. പിന്തുണയ്ക്കുന്ന എല്ലാവരോടും സ്നേഹം അറിയിക്കുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഹവായിയിൽ ചെറുകിട നിർമാണ കന്പനി നടത്തുന്ന 58 കാരനാണ് അറസ്റ്റിലായ റയാൻ വെസ്ലി. ഏറെനാളായി ട്രംപിന്റെ രൂക്ഷവിമർശകൻ. റഷ്യക്കെതിരേയുള്ള പോരാട്ടത്തിൽ യുക്രെയ്ൻ അനുകൂല നിലപാടുകൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ഇയാൾ ഇതിനായി പണപ്പിരിവിനും ശ്രമിച്ചിരുന്നു. റഷ്യക്കെതിരേ യുദ്ധത്തിന് സന്നദ്ധഭടന്മാരെ റിക്രൂട്ട് ചെയ്യുന്നതിനും ഇയാളുടെ വെബ്സൈറ്റ് വഴി നീക്കം നടത്തിയിരുന്നു. രണ്ടുമാസത്തിനിടെ രണ്ടാംതവണയാണു ട്രംപിനെതിരേ വധശ്രമം നടക്കുന്നത്. ജൂലൈയിൽ പെൻസിൽവേനിയയിൽ റാലിക്കിടെ ട്രംപിനെ ലക്ഷ്യമാക്കി അക്രമി വെടിയുതിർക്കുകയായിരുന്നു. പ്രസംഗിക്കുന്നതിനിടെ ട്രംപിന്റെ വലതുചെവിക്ക് വെടിയേൽക്കുകയും ചെയ്തു. അക്രമി തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൽക്ഷണം വെടിവച്ചു കൊല്ലുകയും ചെയ്തു.
Source link