ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവ്; നാല് ദിവസമായി കാണാനില്ലെന്ന് പരാതി, ദുരൂഹത

മലപ്പുറം: പ്രതിശ്രുത വരനെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പള്ളിപ്പുറത്താണ് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന വരനെ കാണാതായത്. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തിനെയാണ് (30) കാണാതായത്.

വിവാഹാവശ്യത്തിനായുള്ള പണം സംഘടിപ്പിക്കുന്നതിനായി ഈ മാസം നാലിന് വിഷ്ണു പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പോയിരുന്നു. വൈകിട്ട് എട്ടുമണിയോടെ വീട്ടിൽ വിളിക്കുകയും അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്ത ദിവസം മടങ്ങി വരുമെന്നും അറിയിച്ചു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. പാലക്കാട്ടുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒരുലക്ഷം രൂപ കൊടുത്തുവെന്നും പണവുമായി വിഷ്ണു കഞ്ചിക്കോട്ടുനിന്ന് പാലക്കാട്ടേയ്ക്ക് പോയെന്നും അറിയിച്ചു.

കഞ്ചിക്കോടാണ് മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത്. മകനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിഷ്ണുവിന് സാമ്പത്തിക ബുദ്ധിമുട്ടുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നാല് വർഷമായി പ്രണയിക്കുകയായിരുന്ന പെൺകുട്ടിയുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയിലെ ജീവനക്കാരനാണ് വിഷ്ണു.

വിഷ്ണുവിന്റെ പക്കൽ പണമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരമെന്നും അന്വേഷണത്തിനായി രണ്ടംഗ സംഘത്തെ നിയോഗിച്ചുവെന്നും എസ് പി എസ് ശശിധരൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും എസ് പി വ്യക്തമാക്കി. സുഹൃത്തുക്കളും നാട്ടുകാരും വിഷ്ണുവിനായി തെരച്ചിൽ നടത്തുന്നുണ്ട്.


Source link
Exit mobile version