മലപ്പുറത്ത് നിപ ബാധിച്ച് മരണമെന്ന് സംശയം, കോഴിക്കോട്ടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ഇതിലാണ് ഇപ്പോള്‍ നിപ ബാധ സംശയിക്കുന്നത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തുന്ന പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ നിപ ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. തിങ്കളാഴ്ചയാണ് യുവാവ് മരിച്ചത്.

മരണത്തില്‍ ചില സംശയങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്കായി കോഴിക്കോടേക്ക് അയച്ചത്. നേരത്തെ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രയില്‍ ഒരു യുവാവ് നിപ ബാധിച്ച് മരിച്ചിരുന്നു. അവിടെ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ നിപ സംശയിക്കുന്ന യുവാവിന്റേയും വീട്. രണ്ട് മാസം മുമ്പാണ് നിപ ബാധിച്ച് പാണ്ടിക്കാട് സ്വദേശി മരിച്ചത്.

കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേരുകയും ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയുള്‍പ്പെടെ തയ്യാറാക്കി കൂടുതല്‍ പരിശോധന നടത്തേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അത് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്.

സാധാരണ പനി എന്ന ധാരണയില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും യുവാവ് അടുത്തിടപഴകിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളുള്‍പ്പെടെയുള്ള ക്രമീകരണങ്ങളിലേക്ക് ആരോഗ്യ വകുപ്പിന് കടക്കേണ്ടി വരും. യുവാവിന്റെ വീട്, ആദ്യം ചികിത്സ തേടിയ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും സമ്പര്‍ക്ക പട്ടിക വിശാലമാണ്. ഈ പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കുന്നതിലേക്ക് ഉള്‍പ്പെടയുള്ള കാര്യങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Source link
Exit mobile version