കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം തുറന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. ഡയാലിസിസ് സെന്റർ തുടങ്ങാനുള്ള ബോർഡിന്റെ ഉത്തരവും ഇതിനായി ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവും കോടതി റദ്ദാക്കി.
ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും മറ്റും കഴിഞ്ഞ് തുക മിച്ചമുണ്ടെങ്കിൽ ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് വിനിയോഗിക്കാൻ മാത്രമേ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിൽ വ്യവസ്ഥയുള്ളൂവെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
20 ലക്ഷത്തിലധികം രൂപ ചെലവഴിക്കണമെങ്കിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. ഡയാലിസിസ് സെന്ററിന്റെ കാര്യത്തിൽ അത് ഉണ്ടായില്ല. ദേവസ്വം ഫണ്ടിൽ നിന്ന് ഡയാലിസിസ് സെന്ററിന് വേണ്ടി 40 ലക്ഷം രൂപ മാറ്റിവച്ചത് ഉചിതമായില്ലെന്നും ഉത്തരവിൽ പറയുന്നു.
ദേവസ്വം പൊതുഫണ്ടിൽ നിന്ന് മുടക്കിയ ശേഷം പിന്നീട് സംഭാവനയായി തുക ലഭിക്കുമ്പോൾ തിരിച്ചടയ്ക്കുമെന്നായിരുന്നു തീരുമാനം. ശ്രീകുമാർ എന്ന ഭക്തന്റെ പരാതിയിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
• ധന്വന്തരി ഡയാലിസിസ് സെന്റർ
തൃശൂർ നഗരമദ്ധ്യത്തിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന ദേവസ്വം ക്വാർട്ടേഴ്സുകളിലൊന്ന് ലക്ഷങ്ങൾ മുടക്കി പുതുക്കിയാണ് ധന്വന്തരി ഡയാലിസിസ് സെന്ററാക്കിയത്. മതഭേദമെന്യേ ആർക്കും സേവനം നൽകാൻ തീരുമാനിച്ചിരുന്നു. റോട്ടറി ക്ളബ്ബ് രണ്ട് ഡയാലിസിസ് മെഷീനുകൾ നൽകി. ദയ ആശുപത്രിയും സത്യസായി ഓർഫനേജ് ട്രസ്റ്റും സെന്റർ നടത്തിപ്പിനായി ദേവസ്വവുമായി കരാർ ഉണ്ടാക്കി. 2024 ജനുവരി ഒന്നിന് മുൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സെന്റർ ഉദ്ഘാടനം ചെയ്തെങ്കിലും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല.
Source link