നിയമസഭയിലെ കൈയാങ്കളി​, പ്രതിപക്ഷ വനിതാ അംഗങ്ങളെ അപമാനിച്ചെന്ന കേസ് റദ്ദാക്കി

വനിതാ എം.എൽ.എമാരെ അപമാനിച്ചെന്ന കുറ്റം നിലനിൽക്കില്ല

കൊച്ചി: നിയമസഭയിൽ ഒൻപത് വർഷം മുമ്പ് നടന്ന കൈയാങ്കളിക്കി​ടെ​ യു.ഡി.എഫ് അംഗങ്ങൾ ഇടത് വനിതാ എം.എൽ.എമാരെ തടഞ്ഞുവച്ച് അപമാനിച്ചെന്ന കേസുകൾ ഹൈക്കോടതി റദ്ദാക്കി.

സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകൾ നിലനിൽക്കില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. വനിതാ എം.എൽ.എമാർ ബഡ്ജറ്റവതരണം തടയാൻ ശ്രമിച്ചപ്പോൾ ഹർജിക്കാരായ എം.എൽ.എമാർ അവതരണം ഉറപ്പാക്കാനാണ് ശ്രമിച്ചത്. സ്ത്രീത്വത്തെ അപമാനിക്കാനോ പരാതിക്കാരെ തടഞ്ഞുവയ്‌ക്കാനോ കരുതിക്കൂട്ടി ശ്രമിച്ചിട്ടില്ല.

എം.എൽ.എമാരായിരുന്ന എം.എ. വാഹിദ്, കെ. ശിവദാസൻ നായ‌ർ, ഡൊമിനിക് പ്രസന്റേഷൻ എന്നിവർക്കെതിരായ കേസുകളാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിലാണ് ഇവ‌ർക്കെതിരേ കേസെടുത്തത്. കെ.കെ. ലതിക, ജമീല പ്രകാശം എന്നിവരായിരുന്നു പരാതിക്കാർ.

അഴിമതി ആരോപണം നേരിട്ട ധനമന്ത്രി കെ.എം. മാണി 2015 മാർച്ച് 13ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതിനിടെ ഭരണകക്ഷി എം.എൽ.എമാർ അപമാനിച്ചെന്നായിരുന്നു പരാതി.

ബഡ്‌ജറ്റ് തടയാനാവില്ല
 ബഡ്‌ജറ്റ് അവതരണം തടയാൻ ആർക്കും അവകാശമില്ല. അത് മന്ത്രിയുടെ ഭരണഘടനാപരമായ ചുമതലയാണ്

മന്ത്രിക്കെതിരെ കേസുള്ളതിനാൽ ബഡ്‌ജറ്റ് അവതരിപ്പിക്കരുതെന്ന് പറയാനാകില്ല. അത് മന്ത്രിയുടെ മനഃസാക്ഷിക്ക് വിടണം

 റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ട്രെയി​ൻ അപകടത്തിന്റെ പേരിൽ രാജിവച്ചിരുന്നു. അതെല്ലാം ചരിത്രം

 അഴിമതിക്കേസിൽ പ്രതിയായ മന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമപരമായി പ്രതിഷേധിക്കാനേ അവകാശമുള്ളൂ


Source link
Exit mobile version