തിരുവനന്തപുരം: ‘ശാന്തിയുടെ നിധി മനുഷ്യാ നിന്റെയുള്ളിൽത്തന്നെയുണ്ട്. ഈശ്വരൻ ഉണ്ടെന്നും ഇല്ലെന്നും ആലോചിച്ചു തല പുകയ്ക്കാതെ ഉള്ളിൽ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്തുക”. ഈ കവിതയെഴുതിയത് ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് ആണെന്ന് എത്രപേർക്കറിയാം.? അന്വേഷണം എന്ന തലക്കെട്ടിൽ മലയാളത്തിൽ എഴുതിയ ഈ കവിത ‘തലാശ്’ എന്ന പേരിൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിന് മഹാരാഷ്ട്ര സാഹിത്യ അക്കാഡമിയുടെ മികച്ച പരിഭാഷയ്ക്കുള്ള അവാർഡും ലഭിച്ചു. പരിഭാഷകന്റെ പേര് പ്രൊഫസർ ഡി.തങ്കപ്പൻ നായർ. വർഷങ്ങൾക്കു മുമ്പായിരുന്നു ഇത്. അവാർഡ് വിവരം അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് യേശുദാസായിരുന്നു. പിന്നീട് നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യേശുദാസ് തിരുവനന്തപുരത്തെത്തുമ്പോൾ തങ്കപ്പൻനായർ പ്രതീക്ഷിക്കുന്നുണ്ട് അദ്ദേഹത്തെ.
തങ്കപ്പൻ നായർക്ക് 92 വയസായി. മലയാളം കൊണ്ടാടേണ്ട സാഹിത്യകാരനാണ്.പക്ഷേ നിശബ്ദനായി ഒരു ഓരത്തു കൂടി നടന്നുപോകാൻ മാത്രമേ അദ്ദേഹത്തിനു താത്പര്യമുള്ളൂ. നൂറുകണക്കിനു മലയാള പുസ്തകങ്ങൾ അദ്ദേഹം ഹിന്ദിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. വിഖ്യാത രചനകളായ കുറ്റവും ശിക്ഷയും,യുദ്ധവും സമാധാനവും തുടങ്ങി പലതും വിശ്വസാഹിത്യ മാലയിൽ മലയാളത്തിലുമെഴുതി. തിരുവനന്തപുരം കരമന സ്വദേശിയാണ്.മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച തങ്കപ്പൻ നായർ കേരള ഹിന്ദി പ്രചാര സഭയുടെ ജീവനാഡിയാണ്. ഹിന്ദി കോഴ്സുകളുടെ മുഖ്യ അദ്ധ്യാപകനായിരുന്നു.ഇപ്പോഴും ആഴ്ചയിൽ രണ്ടു മൂന്നു ദിവസം വഴുതക്കാട് ഹിന്ദി പ്രചാര സഭയിൽ ക്ളാസെടുക്കാൻ പോകും. ശ്രീ എമ്മിന്റെ പ്രധാന പുസ്തകങ്ങളെല്ലാം ഹിന്ദിയിൽ പരിഭാഷപ്പെടുത്തി.അങ്ങനെ കണക്കെടുത്താൽ അനവധിയുണ്ട്. മൂലകൃതിയോടു നീതി പുലർത്തിയേ പരിഭാഷ നിർവഹിക്കുകയുള്ളൂ.
ഗുരുവിന്റെ ജീവചരിത്രം
ഹിന്ദിയിൽ
ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം ഹിന്ദിയിൽ ‘ശ്രീനാരായണ ചരിത് മഹാകാവ്യം എന്ന പേരിൽ എഴുതി. ഹിന്ദി പ്രചാരസഭയുടെ പ്രസിദ്ധീകരണമായ കേരൾ ജ്യോതിയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 52 ലക്കങ്ങൾ.ഇത് പുസ്തക രൂപത്തിലുമിറങ്ങും. കുട്ടിക്കാലം മുതൽക്കേ തങ്കപ്പൻനായർ ഗുരുവിന്റെ ആരാധകനാണ്. ഗുരുവിനേക്കാൾ വലിയൊരു വിപ്ളവകാരി ലോകത്തില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമന്വയത്തിന്റെ സന്ദേശം നൽകിയ മഹാഗുരു, സാമൂഹിക സമത്വത്തിലൂടെ മനുഷ്യനെ നവീകരിക്കുകയാണ് ചെയ്തത്.ആരും വെറുക്കപ്പെടേണ്ടവരല്ല. ആരും ശത്രുവല്ല.വർഗശത്രവുമില്ല.സ്നേഹത്തിന്റെ സന്ദേശമാണ് ഗുരു നൽകിയത് -തങ്കപ്പൻ നായർ പറഞ്ഞു.
രാജാ രവിവർമ്മയെക്കുറിച്ച് ഹിന്ദിയിൽ മഹാകാവ്യം രചിക്കുകയാണ് ഇപ്പോൾ. തന്റെ രചനാ ജീവിതത്തിലെ അവസാന ദൗത്യമായിരിക്കുമിതെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ജയകുമാരി മരിച്ചതോടെ ഇംഗ്ളീഷ് അദ്ധ്യാപകനായ മകൻ രഞ്ജിത്തിന്റെ കൂടെ പേരൂർക്കട അമ്പലമുക്കിലാണ് താമസം.മറ്റൊരു മകൻ സജിത് ലാറ്റക്സിൽ ഉദ്യാഗസ്ഥനാണ്.
ആശയില്ലാത്തതിനാൽ ജീവിതത്തിൽ നിരാശയുമില്ല. ഒരുപാടു കുട്ടികളെ പഠിപ്പിച്ചു. ഒരുപാട് കൃതികൾ മൊഴിമാറ്റി.ഇതൊക്കെയല്ലേ ഏറ്റവും വലിയ അംഗീകാരം. അനുഭവങ്ങളുടെ ചാരിതാർത്ഥ്യത്തോടെ തങ്കപ്പൻനായർ ചിരിച്ചു. കാലങ്ങൾ കണ്ട ചിരി.
Source link