മ്യാൻമറിൽ പ്രളയക്കെടുതി രൂക്ഷം
നയ്പിദോ: ‘യാഗി’ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെയുണ്ടായ പ്രളയക്കെടുതിയിൽ ദുരിതത്തിലായി മ്യാൻമർ. 33 പേർ മരിക്കുകയും 2,30,000 പേർ ഭവനരഹിതരാകുകയും ചെയ്തതായാണു റിപ്പോർട്ട്. തലസ്ഥാനനഗരമായ നയ്പിദോ അടക്കം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയക്കെടുതിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെടുതി നേരിടാൻ രാജ്യാന്തര സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ് സൈനിക ഭരണകൂടം. ഭവനരഹിതർക്കുവേണ്ടി താത്കാലിക ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രളയത്തിലും ഉരുൾപൊട്ടലിലും 160 പേർ മരിച്ചതായാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. പലയിടത്തും ഇപ്പോഴും നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ടെന്നും ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
മൂന്നു വർഷമായി സൈന്യവും സായുധസംഘടനകളും തമ്മിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെയാണ് പ്രളയക്കെടുതിയും ജനങ്ങളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ലക്ഷക്കണക്കിനു ജനങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്. സൈനിക ആക്രമണങ്ങളിൽനിന്ന് രക്ഷതേടി വനങ്ങളിലും മറ്റും അഭയംതേടുന്ന ഗ്രാമവാസികൾ രോഗങ്ങൾ ബാധിച്ചും പട്ടിണി കിടന്നും മരിച്ചുവീഴുകയാണ്. മൂന്നുവർഷത്തെ സായുധ കലാപം മൂലം 26 ലക്ഷം ജനങ്ങളെങ്കിലും അഭയാർഥികളായെന്നാണു റിപ്പോർട്ട്. ഏഷ്യയിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ‘യാഗി’ ചുഴലിക്കൊടുങ്കാറ്റ് മ്യാൻമറിനു പുറമെ വിയറ്റ്നാം, ഫിലിപ്പീൻസ് രാജ്യങ്ങളിലും ചൈനയിലെ ഹെയ്നാൻ ദ്വീപിലും കനത്ത നാശമുണ്ടാക്കിയിരുന്നു.
Source link