തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് അഞ്ചാം ദിനം ആശ്വാസം, നഗരത്തിൽ ഭാഗികമായി ജലവിതരണം തുടങ്ങി
തിരുവനന്തപുരം: അഞ്ച് ദിവസത്തോളം തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവിൽ പരിഹാരമായി. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാൽ,ഐരാണിമുട്ടമടക്കം പ്രദേശങ്ങളിൽ പുലർച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. ലീക്കേജ് ഇല്ല. രാവിലെയോടെ തന്നെ എല്ലായിടത്തും വെള്ളം എത്തുമെന്നാണ് വിവരം.
അതേസമയം നേമത്ത് വെള്ളം എത്തിയില്ലെന്നാണ് കൗൺസിലർ അറിയിച്ചത്. മേലാങ്കോട്, പിടിപി നഗർ,വട്ടിയൂർക്കാവ്, വാഴോട്ടുകോണം,കുര്യാത്തി, കരമന തുടങ്ങി ചിലയിടങ്ങളിലും വെള്ളം എത്തിയില്ലെന്ന് ജനം പരാതിപ്പെട്ടു. ഇവിടങ്ങളിൽ രാവിലെ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. ജലവിതരണം താറുമാറായതോടെ തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു. കേരള സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
പ്രശ്‌നത്തിന് കാരണം അനുഭവജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥരാണെന്നും വീഴ്‌ച പരിശോധിച്ച് നടപടിയെടുക്കണെന്നും വി.കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു. ഞായറാഴ്ച പുലർച്ചെയോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥതല യോഗശേഷം മന്ത്രി വി. ശിവൻകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ ജനങ്ങൾക്ക് വെള്ളം കിട്ടിയില്ല. ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതി വിലയിരുത്തി. വൈകിട്ട് നാലോടെ പമ്പിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാൽ, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകൾ ഫലംകണ്ടില്ല.
കിള്ളിപ്പാലം-ജഗതി ഭാഗത്തെ സി.ഐ.ടി റോഡിൽ സ്ഥാപിച്ച വാൽവിൽ ശനിയാഴ്ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാൽവ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തിൽ പൂർത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാൽവ് ഫിക്‌സ് ചെയ്തതിൽ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറിൽ നിന്ന് ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള 700 എം.എം ഡി.ഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികളാണ് ജലവിതരണത്തിന് തടസമായത്. റെയിൽവേ ലൈനിന്റെ അടിയിലുള്ള 700 എം.എം പൈപ്പ് മാറ്റുന്ന പണിയിലാണ് പിഴവുണ്ടായത്. ഇതാണ് ജലവിതരണം തുർന്നും തടസപ്പെടാൻ കാരണമായത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ വശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനാൽ അത് കോരി മാറ്റേണ്ടിവന്നു. അതിനുശേഷം നട്ടുകൾ മുറുക്കി വാൽവുകൾ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്നാണ് വാട്ടർ അതോറിട്ടി വിശദീകരണം.
Source link