രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, രണ്ട് ഭീകരരെ വെടിവച്ച് കൊന്നു
ശ്രീനഗർ: കാശ്‌മീരിലെ രജൗരി ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തി ഭീകരർ. പിന്നാലെ തിരിച്ചടിച്ച സൈന്യം രണ്ട് ഭീകരരെ വധിച്ചു. രജൗരിയിലെ നൗഷേര സെക്‌ടറിൽ ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്‌ച പുലർച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരരെ വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. എകെ-47 തോക്കുകളടക്കം ആയുധങ്ങൾ ഭീകരരിൽ നിന്നും സൈന്യം പിടിച്ചെടുത്തു.
പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചിൽ സൈന്യം ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് ഭീകരർക്കെങ്കിലും പരിക്കേറ്റതായാണ് സൈന്യം കണക്കുകൂട്ടുന്നത്. സെപ്‌തംബർ മൂന്നിന് ഇതേപ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ദിവസങ്ങൾക്കകമാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. സൈന്യം തുടർന്ന് അന്വേഷണം ആരംഭിച്ചതോടെ ഭീകരർ രക്ഷപ്പെട്ടതായാണ് സൂചന. ഓഗസ്‌റ്റ് അവസാനവും രജൗരിയിൽ ഭീകരർ ഒളിച്ചിരിക്കുന്നതറിഞ്ഞ് സേന തിരച്ചിൽ നടത്തിയിരുന്നു. ജൂലായ് മാസത്തിൽ സെക്യൂരിറ്റി പോസ്‌റ്റിൽ ഭീകരർ ആക്രമണം നടത്തിയതോടെ ഒരു സൈനികന് പരിക്കേറ്റിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നത്. സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് തീയതികളിലാണ് കാശ്‌മീരിൽ തിരഞ്ഞെടുപ്പ്. ഒപ്പം ഒറ്റഘട്ടമായി ഹരിയാനയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.
Source link