ഹൂസ്റ്റൺ: ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകങ്ങളിൽ മൊത്തം 19 പേർ. ഇത് റിക്കാർഡാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ബുധനാഴ്ച മൂന്ന് സഞ്ചാരികൾ കൂടി അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ എത്തിയതോടെയാണ് റിക്കാർഡ് നേട്ടം. കഴിഞ്ഞവർഷം മേയിൽ സ്ഥാപിച്ച 17 പേരുടെ റിക്കാർഡാണ് മറികടന്നത്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ ഇപ്പോൾ 12 പേരാണുള്ളത്. ചൈനയുടെ ടിയാൻഗോംഗ് സ്പേസ് സ്റ്റേഷനിൽ മൂന്നു പേരുണ്ട്. സ്വകാര്യ വാണിജ്യ സംരംഭത്തിൽ ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കിയ യുഎസ് ശതകോടീശ്വരൻ ജാരസ് ഐസക്മാൻ അടക്കം മറ്റൊരു നാലുപേർ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലുമുണ്ട്. എല്ലാവരും ചേരുന്പോൾ ബഹിരാകാശത്തുള്ളത് 19 മനുഷ്യർ.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ അലക്സി ഒവ്ചിനിൻ, ഇവാൻ വാഗ്നർ, നാസയുടെ ഡോൺ പെറ്റിറ്റ് എന്നിവരാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ളവരാണ് നേരത്തേതന്നെ സ്റ്റേഷനിലുള്ളത്. ജാരദ് ഐസക്മാനുൾപ്പെടുന്ന നാൽവർസംഘം ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്കുള്ള മടക്കയാത്രയിലാണ്.
Source link