തിരുവനന്തപുരം:ദേശീയ സേവാഭാരതി കേരളം വാർഷിക സമ്മേളനം തൃശിവപേരൂർ ഭാരതീയ വിദ്യാഭവൻ ഹാളിൽ നടന്നു.കല്യാൺ ജുവലേഴ്സ് എം.ഡി ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു.ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രഞ്ജിത്ത് വിജയഹരി അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.എസ് അഖില ഭാരതീയ സഹസേവ പ്രമുഖ് രാജ്കുമാർ മഠാലെ മുഖ്യപ്രഭാഷണം നടത്തി. പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ.രഞ്ജിത്ത് വിജയഹരി (തിരുവനന്തപുരം),ജനറൽ സെക്രട്ടറിയായി ഡോ.ശ്രീറാം ശങ്കർ (പാലക്കാട്), ട്രഷററായി പി.ആർ.രാജിമോൾ (എറണാകുളം),സംഘടനാ സെക്രട്ടറിയായി കെ.വി.രാജീവ് (തൃശ്ശൂർ) എന്നിവരെയും 28 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ആർ.എസ്.എസ് ഉത്തര പ്രാന്ത പ്രചാരക് വിനോദ് സേവാസന്ദേശം നൽകി.
കേരളത്തിൽ നിരന്തരമായി ഉണ്ടാകുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സേവാഭാരതി കേരളം ആപത്ത്സേവ ടീം തയാറാക്കിയ സുരക്ഷ എന്ന കൈപ്പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.വയനാട്ടിൽ നടത്തുന്ന പുനരധിവാസ പദ്ധതികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മുപ്പൈനാട് പഞ്ചായത്തിൽ 5 ഏക്കർ സ്ഥലം കണ്ടെത്തി ഭവനം നിർമ്മിക്കാൻ അടുത്ത മാസം തുടക്കം കുറിക്കും.മാനസിക പുനരധിവാസ പദ്ധതിയായ പുനർജ്ജനിക്ക് സമ്മേളനത്തിൽ തുടക്കമിട്ടു.വയനാട്ടിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിലേക്ക് സ്കൂൾതലം മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ളവർക്ക് http://www.sevabharathikeralam.in/formv2/public-requests ലൂടെ അപേക്ഷിക്കാം.
കെ.എ.എസ് വിജ്ഞാപനം വൈകുന്നതിന്
പിന്നിൽ സംവരണ അട്ടിമറി നീക്കമെന്ന്
സുജിലാൽ.കെ.എസ്
തിരുവനന്തപുരം; കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ രണ്ടാം വിജ്ഞാപനത്തിനുള്ള നടപടികൾ ഇഴയുന്നതിന് പിന്നിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം.
അഞ്ചുവർഷം മുൻപ് തയ്യാറാക്കിയ ആദ്യബാച്ചിലെ റാങ്ക് ലിസ്റ്റിൽ നിന്നും 105 പേർക്ക് നിയമനം നൽകിയശേഷം വിജ്ഞാപനം ഇറങ്ങിയിട്ടില്ല . രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത് . പൊതുഭരണവകുപ്പിൽനിന്ന് അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
മൂന്ന് സ്ട്രീമുകളിലായി നടത്തുന്ന കെ.എ.എസ് നിയമനത്തിനായി സർക്കാർ ആദ്യം തയ്യാറാക്കിയ സ്പെഷ്യൽ റൂളിൽ നേരിട്ടുള്ള നിയമനത്തിന് മാത്രമേ സംവരണം ബാധകമാക്കിയിരുന്നുള്ളൂ.സംവരണ വ്യവസ്ഥ പാലിച്ചാണ് ആദ്യ ബാച്ചിലെ 105 പേർക്കും നിയമനം നൽകിയത്. പിന്നീട് വിവിധ കോടതികളുടെ നിർദേശപ്രകാരമാണ് തസ്തിക മാറ്റത്തിലൂടെ നിയമനം നടത്തുന്ന മറ്റ് രണ്ട് കാറ്റഗറികളിലും സംവരണം ബാധകമാക്കിയത്. ഉന്നത തസ്തികകളിലേക്ക് പിന്നാക്കക്കാർ കടന്നുവരുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിജ്ഞാപനം വൈകിപ്പിക്കുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു.
രണ്ടാം വിജ്ഞാപനം കഴിഞ്ഞ നവംബറിൽ ഇറക്കുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ് .ഇതിനായി കഴിഞ്ഞ മേയ് 30-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ മുന്നോട്ടുപോയില്ല. ഒഴിവുകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഫലവത്തായില്ല. പൊതുമേഖലാസ്ഥാപനങ്ങളിലെ തസ്തികകൾ കെ.എ.എസ്. ഡെപ്യൂട്ടേഷന് പരിഗണിച്ച് ഒഴിവുകൾ കണ്ടെത്താൻ സർക്കാർ പരിശ്രമിക്കുകയാണ്.വരുന്ന നവംബറിനെങ്കിലും രണ്ടാം വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ പ്രായപരിധി പിന്നിട്ട നിരവധിപേർക്ക് അവസരം നഷ്ടപ്പെടും.
Source link