ആയുധനിയന്ത്രണം നീക്കുന്നതിൽ തീരുമാനമില്ല; യുക്രെയ്നു നിരാശ
വാഷിംഗ്ടൺ ഡിസി: പാശ്ചാത്യശക്തികൾ നല്കുന്ന ദീർഘദൂര മിസൈലുകൾ റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി നല്കുന്നതിൽ തീരുമാനമില്ല. വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറും ഇതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്തുവെന്ന സൂചന നല്കിയില്ല. ആയുധപ്രയോഗത്തിൽ യുക്രെയ്നുള്ള നിയന്ത്രണം നീക്കുന്നതിനെതിരേ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഭീഷണി മുഴക്കിയിരുന്നു. നാറ്റോയുടെ നേരിട്ടുള്ള ഇടപെടലായി ഇതിനെ പരിഗണിക്കുമെന്നും റഷ്യ ഉചിതമായ തിരിച്ചടി നല്കുമെന്നും ബൈഡൻ-സ്റ്റാർമർ കൂടിക്കാഴ്ചയ്ക്കു മുന്പ് പുടിൻ പറഞ്ഞു. യുഎസും ബ്രിട്ടനും ദീർഘദൂര മിസൈലുകൾ യുക്രെയ്നു നല്കിയിട്ടുണ്ട്. എന്നാൽ ഇവ റഷ്യൻ അധിനിവേശപ്രദേശങ്ങളിൽ പ്രയോഗിക്കാനാണ് അനുമതി. റഷ്യക്കുള്ളിൽ പ്രയോഗിച്ചാൽ വിപുലമായ യുദ്ധമുണ്ടാകുമെന്ന ഭയം യുഎസിനുണ്ട്.
അതേസമയം, യുദ്ധം അവസാനിക്കണമെങ്കിൽ പാശ്ചാത്യ ആയുധങ്ങൾകൊണ്ട് റഷ്യയിൽ ആക്രമണം നടത്തണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെടുന്നത്. യുക്രെയ്നെ ആക്രമിക്കുന്ന റഷ്യൻ വിമാനങ്ങൾ റഷ്യക്കുള്ളിൽനിന്നാണു വരുന്നത്. ആ സ്ഥലങ്ങൾ നശിപ്പിക്കേണ്ടതുണ്ട്. കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമപ്രവർത്തകരെ കണ്ട ബൈഡനും സ്റ്റാർമറും പുടിന്റെ ഭീഷണിയെ ഭയക്കുന്നുവോ എന്ന ചോദ്യം നേരിട്ടു. പുടിനെക്കുറിച്ച് കാര്യമായി ഓർക്കാറില്ലെന്നായിരുന്നു ബൈഡന്റെ മറുപടി. യുദ്ധം അവസാനിക്കുന്നത് പുടിന്റെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു. ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മാരകായുധങ്ങൾ നല്കുന്നതിൽ സ്റ്റാർമറും ബൈഡനും ഉത്കണ്ഠ പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ്ഹൗസ് അറിയിച്ചു. ഒരു വർഷത്തോടടുക്കുന്ന ഗാസ യുദ്ധം അടക്കമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
Source link