പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

റായ്‌പൂർ: തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്. ഛത്തീസ്‌ഗഡിലാണ് സംഭവം. ഛത്തീസ്‌ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയ്ക്ക് സർവീസ് നടത്താനിരുന്ന ട്രെയിനിനുനേരെയാണ് ട്രയൽ റണ്ണിനിടെ ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി.

ഇന്നലെ രാവിലെ വിശാഖപട്ടണത്തുനിന്ന് മടങ്ങിവരുന്നതിനിടെ ബഗ്‌‌ബഹാര റെയിൽവേ സ്റ്റേഷന് സമീപത്തായാണ് വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായത്. ട്രെയിനിലെ മൂന്ന് കോച്ചുകളുടെ മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. സി2,സി4,സി9 കോച്ചുകളിലെ ജനലുകളാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ബഗ്‌ബഹാര ഗ്രാമവാസികളാണിവർ.

കഴിഞ്ഞയാഴ്‌ചയും സമാനസംഭവം നടന്നിരുന്നു. ലഖ്‌നൗവിൽ നിന്ന് പട്‌നയിലേയ്ക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. അക്രമത്തിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. ബനാറസിനും കാശിക്കും ഇടയിലെ റോഡിൽവച്ച് അജ്ഞാതർ കല്ലെറിയുകയായിരുന്നു.

ജൂലായിലും വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായി. ഗോരഖ്‌പൂരിൽ നിന്ന് ലഖ്‌നൗവിലേയ്ക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. പല കോച്ചുകളുടെയും ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്‌പ്രസിനുനേരെ തൃശൂരിൽ കല്ലേറുണ്ടായി. ആക്രമണത്തിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. എന്നാൽ ആർക്കും പരിക്കേറ്റില്ല. സി2,സി4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്. മാനസിക പ്രശ്നമുള്ള ആളാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തുവെന്നുമാണ് ആർപിഎഫ് അറിയിച്ചത്.


Source link
Exit mobile version