ഓണത്തെ വരവേൽക്കാൻ ഉത്രാടപ്പാച്ചിൽ ഇന്ന്
തിരുവനന്തപുരം: മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. നാളെ തിരുവോണത്തിന് മാവേലിയെ വരവേൽക്കാൻ പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയിറങ്ങുന്നതോടെ കമ്പോളങ്ങളും വീഥികളും നിറയും.
വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിലും മറ്റും വിപുലമായ ആഘോഷത്തിന് പൂട്ട് വീണത് പൂവിപണിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഓണക്കച്ചവടത്തിൽ മുൻപന്തിയിൽ.
വലിയ ജോലിപ്പാടൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് ഓണമുണ്ണണം എന്നാഗ്രഹിക്കുന്ന നഗരവാസികളിൽ ഏറിയപങ്കും സദ്യ ബുക്ക് ചെയ്യുകയാണ്. സദ്യ ബുക്കിംഗ് ഉള്ളതിനാൽ നഗരങ്ങളിലെ ഹോട്ടൽ അടുക്കളകൾ പുലർച്ച മുതലേ സജീവമാണ്. ചെറുകിട – വൻകിട ഹോട്ടലുകളെല്ലാം സദ്യ ബുക്കിംഗ് ആഴ്ചകൾക്ക് മുൻപേ തുടങ്ങുകയും ചെയ്തു. 5 അംഗങ്ങൾക്കുള്ള ഓണസദ്യക്ക് 2500രൂപ മുതലാണ് വൻകിടഹോട്ടലുകൾ ഈടാക്കുന്നത്.
Source link