KERALAMLATEST NEWS

വെല്ലുവിളി മാത്രം, തൃശൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

തൃശൂർ: അടിമുടി മാറ്റാനാകുന്ന മാസ്റ്റർ പ്ലാൻ സമർപ്പിച്ച് ഏഴ് വർഷം കഴിയുമ്പോഴും ആരും തിരിഞ്ഞുനോക്കാതെ വെള്ളക്കെട്ടിലും കുഴികളിലും നിരങ്ങിനീങ്ങുന്ന ബസുകളും യാത്രക്കാരുമായി തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇന്നും കട്ടപ്പുറത്ത്. സ്ഥലമേറ്റെടുപ്പും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തടസമാണെന്ന് ആവർത്തിക്കുമ്പോഴും പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ പോലും ഇതേവരെ തയ്യാറായിട്ടില്ല.

ആയിരത്തിലേറെ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന സ്റ്റാൻഡിൽ സ്ഥലപരിമിതിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകും. ഓണക്കാലമായതോടെ ബസുകളും യാത്രക്കാരും കൂടി. കനത്ത മഴ ഒഴിയുന്നുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ് ഇപ്പോഴും ഫയലിലുറങ്ങുന്നത്. തുടക്കത്തിൽ സർക്കാരിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു.

കൊവിഡ് വ്യാപനവും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയുമായതോടെ പദ്ധതി മറന്ന മട്ടായി. കെ.എസ്.ആർ.ടി.സി എം.ഡിയും ഉയർന്ന ഉദ്യോഗസ്ഥരും പലവട്ടം സ്ഥലം സന്ദർശിച്ചു. സാമ്പത്തിക പ്രശ്‌നമോ സ്ഥലലഭ്യതയുടെ പ്രശ്‌നമോ ഒന്നും വികസനത്തെ ബാധിക്കില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പും നൽകി. പക്ഷേ, എല്ലാ ഉറപ്പും പാഴായി.

റെയിൽവേയുമായി ബന്ധിപ്പിക്കുമെന്നതും പാഴ്

റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരുന്നു വികസനം ലക്ഷ്യമിട്ടത്. എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കാമെന്നും വ്യക്തമാക്കി. റെയിൽവേയുമായി നടത്തിയ ചർച്ചയിലും അനുകൂല നിലപാടായിരുന്നു. പക്ഷേ, തുടർച്ചയുണ്ടായില്ല. അന്യസംസ്ഥാന ബസുകൾ ശക്തൻ നഗറിൽ നിറുത്തിയിടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പണി തുടങ്ങിയാൽ ശക്തൻ കേന്ദ്രീകരിച്ച് താത്കാലിക സ്റ്റാൻഡും ലക്ഷ്യമിട്ടിരുന്നു. തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ബസുകളെത്താറുണ്ട്. സ്ഥല പരിമിതി കാരണം ചിലപ്പോൾ ബസുകൾക്ക് എത്താനാകുന്നുമില്ല. മൾട്ടി ആക്‌സിൽ വോൾവോ ബസുകൾ സ്റ്റാൻഡിനുള്ളിലെ തിരക്കിൽ കുരുങ്ങുക പതിവാണ്. രാത്രിയിലും പുലർച്ചെയുമാണ് തിരക്കേറെ.

ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തുന്ന ബസുകൾ: 1,200
ഡിപ്പോയിലെ ബസുകൾ: 61
പെട്രോൾ പമ്പിന് കരാർ പ്രകാരം നൽകിയത്: 50 സെന്റ്

പണിപാളിയ പദ്ധതികൾ, പ്രതിസന്ധികൾ

ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പ് സ്ഥാപിച്ചത് സ്ഥലമില്ലായ്മ പ്രതിസന്ധി കൂട്ടി
പമ്പിനായി തെക്കെ കവാടം അടച്ചതിനാൽ ബസുകൾക്ക് സ്റ്റാൻഡിലെത്താൻ തടസം
ഡിപ്പോയിലെ ബസുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം സ്റ്റേഷനിൽ ഇല്ല
കടലാസ് കെട്ടും മാറാലയും മാലിന്യവും നിറഞ്ഞ ഓഫീസ് കെട്ടിടം.
ഫയൽ നിറഞ്ഞ മേശകളും ചോർച്ച പടരുന്ന ഭിത്തികളും വീഴാറായ കോൺക്രീറ്റ് മേൽക്കൂരയും

സ്റ്റാൻഡിന്റെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി വരുമെന്നാണ് പ്രതീക്ഷ. കുഴികൾ താത്കാലികമായി അടച്ച് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ട്.


Source link

Related Articles

Back to top button