KERALAMLATEST NEWS

യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത് ജെഎൻയു; അടിയന്തരാവസ്ഥ കാലത്ത് തീപ്പൊരി നേതാവ്

തിരുവനന്തപുരം: സിപിഎമ്മിന്റെ വിപ്ലവ സൂര്യൻ സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് അന്ത്യം. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19ന് ആണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 32വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യെച്ചൂരി 2015ലാണ് ജനറൽ സെക്രട്ടറിയായി പദവിയിലേക്കെത്തുന്നത്.

1952 ആഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്ന് ജാതി മുറിച്ചുമാറ്റാമെന്ന് തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയിൽ നിന്ന് പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്ക് ശേഷം ആന്ധ്രയിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി.

ഹെെദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജീനിയറായിരുന്ന അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കൊപ്പം യെച്ചൂരിയുടെ സ്കൂളുകളും മാറി. വിജയവാഡയിൽ റെയിൽവേ സ്കൂളിലും വീണ്ടും ഹെെദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിലും പഠിച്ചു.

ശേഷം ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. പിന്നീട് സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി.

1974ൽ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെഎൻയുവിലെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യെച്ചൂരിയെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. 1978 ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേ വർഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജെഎൻയു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്.

1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യെച്ചൂരി അതേവർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ് രാമചന്ദ്രൻ പിള്ളയ്‌ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ലാണ് പാർട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കുന്നത്. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.


Source link

Related Articles

Back to top button