ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടുനൽകും. 14ന് ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ അറിയിക്കുന്നത്. ഇതിനുശേഷമായിരിക്കും എയിംസിന് വിട്ടുനൽകുകയെന്നാണ് വിവരം. മൃതദേഹം ഇന്ന് എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും.
മൃതദേഹം നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. മറ്റെന്നാൾ രാവിലെ ഒൻപത് മണിമുതൽ ഉച്ചവരെ പൊതുദർശനം നടക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും എയിംസിലേയ്ക്ക് കൊണ്ടുപോവുക. മരണവാർത്തയറിഞ്ഞ് പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്. ഓഫീസിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി.
ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെ ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19ന് ആണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രോഗം ഗുരുതരമായതിന് പിന്നാലെ പാർട്ടി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
1984ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി. വലതുപക്ഷത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്ന കൂട്ടുകെട്ടുകളോട് താൽപ്പര്യമുള്ള ആളായിട്ടാണ് യെച്ചൂരിയെ കാണുന്നത്.
Source link