തീക്കനൽ അണ‌ഞ്ഞു

ന്യൂഡൽഹി: ജെ. എൻ.യു. കാമ്പസിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിസത്തിൽ തീക്കനലായി ജ്വലിച്ചുയർന്ന് സി. പി. എമ്മിന്റെ അനിഷേദ്ധ്യ നേതാവും ദേശീയ രാഷ്‌ട്രീയത്തിലെ കരുത്തനുമായ വിപ്ലവനക്ഷത്രം വിടവാങ്ങി. സൗമ്യമുഖവും ഉറച്ച നിലപാടുകളുമായി ഒരു പതിറ്റാണ്ടായി സി.പി.എമ്മിനെ നയിച്ച സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

ഭാര്യയും മാദ്ധ്യമ പ്രവർത്തകയുമായ സീമാ ചിത്‌സിയും മകളും പ്രഭാഷകയുമായ ഡോ.അഖിലയും അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതിയും അടുത്തുണ്ടായിരുന്നു.

കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കടുത്ത് തീവ്രപരിചരണ വിഭാഗത്തിലാക്കി. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

പ്രായോഗിക രാഷ്‌ട്രീയ തന്ത്രജ്ഞനായിരുന്ന യെച്ചൂരി എല്ലാ പാർട്ടിനേതാക്കളുമായും ഉറ്റ ബന്ധം പുലർത്തിയിരുന്നു. കേരളത്തിലും ബംഗാളിലും എതിരാളിയായ കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ പാലം യെച്ചൂരി ആയിരുന്നു. കേരളവുമായി ഉറ്റ ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ പ്രചാരണത്തിന് മുന്നിൽ നിന്നു. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കി ബഹുകക്ഷി സഖ്യമുണ്ടാക്കാനുള്ള ഹർകിഷൻസിംഗ് സുർജിത്തിന്റെ കരുനീക്കങ്ങൾക്കൊപ്പം നിന്നെങ്കിലും പാർട്ടി അത് നിരാകരിച്ചു. ഇതുൾപ്പെടെ നിർണായകമായ പല പ്രശ്നങ്ങളിലും യെച്ചൂരി പാർട്ടിയുമായി പോരടിച്ചിട്ടുണ്ട്. 2004ൽ യു. പി. എ സഖ്യ ഗവൺമെന്റുണ്ടാക്കാൻ മുൻകൈയെടുത്ത യെച്ചൂരി 2008ൽ ഇന്ത്യ – യു. എസ് ആണവകരാറിന്റെ

പേരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിന് എതിരായിരുന്നു. ഏറ്റവും ഒടുവിൽ ബി.ജെ.പിക്കെതിരെ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാനും മുൻകൈയെടുത്തു. ശക്തമായ കേരള ഘടകവുമായുള്ള ഭിന്നതകൾക്കിടയിലും സി.പി.എമ്മിനെ പ്രതിസന്ധി ഘട്ടത്തിൽ നയിച്ചു. 2015ൽ വിശാഖപട്ടണം 21-ാം പാർട്ടി കോൺഗ്രസിലാണ് ജനറൽ സെക്രട്ടറി ആയത്. അന്ന് യെച്ചൂരിയെ തഴയാനുള്ള ശ്രമങ്ങളെ പൊരുതി തോൽപ്പിച്ചാണ് ജനറൽ സെക്രട്ടറിയായത്.

1992ൽ സോവിയറ്റ് യൂണിയന്റെ തകർച്ച സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ സി.പി.എമ്മിന് പ്രത്യയശാസ്ത്ര രേഖ തയ്യാറാക്കി.

2005 മുതൽ 2018 വരെ രണ്ട് ടേമിൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ശബ്‌ദമായി. ടുജി സ്പെക്ട്രം അഴിമതിയിൽ അടക്കം മികച്ച ഇടപെടൽ. ഉജ്ജ്വല പ്രാസംഗികനും മികച്ച പാർലമെന്റേറിയനും ആയിരുന്നു.

ജീവിതം കമ്മ്യൂണിസത്തിന്, ശരീരം പഠനത്തിന്

യെച്ചൂരിയുടെ അഭിലാഷപ്രകാരം ഭൗതിക ശരീരം പഠനത്തിന് എയിംസിന് നൽകി. എംബാം ചെയ്‌ത ഭൗതിക ദേഹം ഇന്ന് വൈകിട്ട് വസന്ത്കുഞ്ജിലെ വസതിയിലേക്ക് മാറ്റും. നാളെ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് ശേഷം തിരികെ എയിംസിലേക്ക്.


Source link
Exit mobile version