സിസേറിയൻ ഡോ‌ക്‌ടർ അനുവദിച്ചില്ല,​ ഗർഭസ്ഥ ശിശുവിന് പിന്നാലെ ഗുരുതരാവസ്ഥയിലായ അമ്മയും മരിച്ചു

കോഴിക്കോട്: ചികിത്സാപിഴവ് കാരണം ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു. കുഞ്ഞിന്റെ അമ്മ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യാണ് അൽപസമയം മുൻപ് മരിച്ചത്. ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ചു. വ്യാഴാഴ്‌ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. അൽപം മുൻപാണ് അമ്മ അശ്വതി മരണത്തിന് കീഴടങ്ങിയത്.

പ്രസവത്തിനായി അശ്വതിയെ ഈ മാസം ഏഴിനാണ് ആശുപത്രിയിലെത്തിച്ചത്. വേദന വരാത്തതിനാൽ മരുന്ന്‌വച്ചു,​ പക്ഷെ മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്‌ചയും മരുന്നുവച്ചു. ഉച്ചയോടെ വേദനതുടങ്ങി. രാത്രിയിൽ കലശലായ വേദന വന്നതോടെ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. പക്ഷെ സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ‌ഡോക്‌ടർ ആവശ്യം തള്ളി. വേദന കാരണം അശ്വതി ഉറക്കെ കരഞ്ഞത് പുറത്തുനിന്നവർ വരെ കേട്ടിരുന്നതായാണ് വിവരം.

അൽപനേരത്തിനകം ആശുപത്രി അധികൃതർ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഗർഭപാത്രം തകർ‌ന്ന് കുട്ടി മരിച്ചെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ബന്ധുക്കൾ അനുമതി നൽകിയെങ്കിലും അശ്വതിയുടെ സ്ഥിതി തീരെ മോശമായി. ഇതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും വിവരം പറയാൻ കഴിയൂ എന്നാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുപോലും അശ്വതിയ്‌ക്ക് സിസേറിയൻ നടത്താൻ ഡോക്‌ടർ തയ്യാറായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.


Source link
Exit mobile version