ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്തി
ബെയ്ജിംഗ്: ജനുവരി ഒന്നുമുതൽ വിരമിക്കൽ പ്രായം ഉയർത്താൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. സ്ത്രീകളിൽ ഉദ്യോഗസ്ഥർ അടക്കമുള്ള ബ്ലൂകോളർ ജീവനക്കാരുടേത് 50ൽനിന്ന് 55 ആയും, വ്യാവസായിക തൊഴിലാളികൾ അടക്കമുള്ള വെള്ളക്കോളർ ജീവനക്കാരുടേത് 55ൽനിന്ന് 58 ആയും ഉയരും. പുരുഷന്മാരുടേത് രണ്ടു മേഖലയിലും 60ൽനിന്ന് 63 ആകും. ദീർഘകാലം പിന്തുടർന്ന ഒറ്റക്കുട്ടി നയം മൂലം രാജ്യത്ത് തൊഴിലെടുക്കാൻ ശേഷിയുള്ളവർ കുറഞ്ഞതും പെൻഷൻഫണ്ട് ശുഷ്കമാകുന്നതും കണക്കിലെടുത്താണു തീരുമാനം. 2025 മുതലുള്ള 15 വർഷങ്ങളിൽ വിരമിക്കൽ പ്രായം ക്രമേണ ഉയർത്തിക്കൊണ്ടിരിക്കും. അനുവദനീയമായ പ്രായത്തിനു മുന്പ് വിരമിക്കൽ അനുവദിക്കില്ല. 2030 മുതൽ ജോലിക്കാർ പെൻഷൻ ഫണ്ടിലേക്കു വിഹിതം വർധിപ്പിക്കേണ്ടിവരും.
ആയുർദൈർഘ്യം, ആരോഗ്യം, ജനസംഖ്യാഘടന, വിദ്യഭ്യാസം, തൊഴിലാളികളുടെ ലഭ്യത മുതലായ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു. ചൈനയിൽ ജനസംഖ്യ കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനസംഖ്യ താഴോട്ടു പോയി. അതേസമയംതന്നെ ആയുർദൈർഘ്യ ശരാശരി 78.2 വർഷമായി ഉയരുകയും ചെയ്തു. സർക്കാരിന്റെ പെൻഷൻ ഫണ്ട് 2035ൽ ശൂന്യമാകുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പുണ്ട്.
Source link