നല്ല കമ്യൂണിസ്റ്റാവാൻ നേതാക്കളെ ഓർമ്മിപ്പിച്ച സഖാവ്, നഷ്ടപ്പെട്ടത് സിപിഎമ്മിലെ സൗമ്യതയുടെ ആൾരൂപം
ന്യൂഡൽഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അന്ത്യത്തോടെ ഇടതുരാഷ്ട്രീയത്തിന് നഷ്ടമായത് സൗമ്യതയുടെ ആൾ രൂപം. ഏത് കടുത്ത പ്രതിസന്ധിക്കിടയിലും അക്ഷോഭ്യനായി ചിരിച്ചുകൊണ്ടല്ലാതെ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. മാദ്ധ്യമപ്രവർത്തകരുടെ കുഴപ്പംപിടിച്ച ചോദ്യങ്ങൾക്കും കൃത്യവും ശക്തവുമായ മറുപടിയും ആ മുഖത്തുനിന്ന് ലഭിക്കും. വേഷംപോലെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലിയും. ആർക്കും മനസിലാവുന്ന ഭാഷയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സൗമ്യസാന്നിദ്ധ്യമായിരുന്നെങ്കിലും അഴിമതികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാനും യെച്ചൂരി ഒരിക്കലും മടിച്ചിരുന്നില്ല. ഉരുക്കുവനിതയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉൾപ്പടെ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്.
പ്രായം എഴുപത്തിരണ്ട് ആയെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവത്വത്തിന്റെ മുഖമായാണ് അദ്ദേഹത്തെ അനുയായികൾ ഉൾപ്പെടെ കണക്കാക്കുന്നത്. അനുയായികൾക്കിടയിൽ ‘എസ്ആർവൈ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം പാർട്ടിക്കകത്തും പുറത്തുമുള്ള ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഒരു ജനകീയ നേതാവായി അദ്ദേഹത്തെ ഉയർത്തിയതും ഈ ആശയവിനിമയം തന്നെയാണെന്നതിൽ സംശയമില്ല. ഇന്ത്യ മുണിയെ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെയാണ്. തിരിച്ചടികളിലൂടെ കടന്നുപോകുന്ന സിപിഎമ്മിനെ പുനർനിർമ്മിക്കുന്നതിനുള്ള വിശ്രമമില്ലാത്ത ശ്രമങ്ങൾക്കിടെയാണ് ആ വിലപ്പെട്ട ജീവൻ മരണം കവർന്നെടുത്തത്.
പാർട്ടിയിലെ നേതാക്കളുടെ അപചയത്തിൽ അദ്ദേഹത്തിന് കടുത്ത നിരാശയുണ്ടായിരുന്നു. ജനങ്ങളോട് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തിരുത്തണം. ജലത്തിൽ മത്സ്യങ്ങൾ എങ്ങനെയാണോ അതുപോലെയാകണം സഖാക്കൾ. നല്ല കമ്യൂണിസ്റ്റാവുന്നത് ജീവിതകാലും മുഴുവനുമുള്ള പോരാട്ടമാണ് എന്ന് നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം ഓർമ്മിപ്പിച്ചു. പക്ഷേ, അത് ആരെങ്കിലും ചെവിക്കൊണ്ടോ എന്നത് സംശയമാണ്.
എപ്പോഴും വിഎസ് അച്യുതാനന്ദനോട് ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവായിരുന്നു യെച്ചൂരി. എന്നും യെച്ചൂരി വിഎസ് പക്ഷത്തും വിഎസ് യെച്ചൂരിയുടെ പക്ഷത്തും നിലകൊണ്ടിരുന്നു. അതിൽ കേരളത്തിലെ പല നേതാക്കൾക്കും അദ്ദേഹത്താേട് എതിർപ്പുണ്ടായിരുന്നു. വിഎസിനെ കേരളത്തിന്റെ ഫിദൽ കാസ്ട്രോ എന്നാണ് അദ്ദേഹം ഒരിക്കൽ വിശേഷിപ്പിച്ചത്.
മോദിയുടെയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്നു എപ്പോഴും യെച്ചൂരി. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിറുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ബിജെപിക്ക് കടുത്ത തിരിച്ചടി നൽകാനും ഇന്ത്യമുന്നണിക്കായി. തീർച്ചയായും പ്രതിപക്ഷത്തിന് നികത്താനാകാത്ത നഷ്ടമാണ് യെച്ചൂരിയുടെ മരണത്തോടെ ഉണ്ടായിരിക്കുന്നത്.
Source link