ന്യൂഡൽഹി: അന്തരിച്ച സിപിഎമ്മിന്റെ അനിഷേദ്ധ്യ നേതാവും ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്ന് ഒരാൾക്ക് താൽക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. അടുത്ത വർഷം ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.
പകരക്കാരനായി എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അടുത്ത പിബി യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിച്ചേക്കും. പതിനേഴംഗ സിപിഎം പിബിയിൽ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.
അതേസമയം, പശ്ചിമ ബംഗാളിൽ നിന്നുള്ള സിഐടിയു നേതാവ് തപൻസെൻ ,ആന്ധ്രയിൽ നിന്നുള്ള ബിവി രാഘവലു, കേരളത്തിൽ നിന്നുള്ള എംഎ ബേബി എന്നിവരാണ് പിബിയിൽ നിലവിലുള്ളവരിൽ പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കൾ. ഇവരിൽ ബേബിക്കാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.
നാൽപ്പതു വർഷം മുമ്പ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എംഎ ബേബി ഒഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്പോൾ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല. കേരള ഘടകത്തിന്റെ പിന്തുണ ഇതിൽ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തിൽ നിന്നും പിബിയിലുള്ളത്.
തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാൽ സാദ്ധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയിൽ രാഘവലുവിനെ പരിഗണിച്ചേക്കാം. ബംഗാളിൽ നിന്നുള്ള നീലോൽപ്പൽ ബസു, മുഹമ്മദ് സലിം എന്നീ പിബി അംഗങ്ങളിൽ നീലോൽപ്പൽ ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ്. എന്നാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നൽകാൻ ആലോചിച്ചാൽ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ്. അവർക്ക് സാദ്ധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം .
Source link