‘സിനിമയിൽ ഉണ്ടായത് വെറും രണ്ടു വർഷം, മാറി നിൽക്കാമെന്നത് എന്റെ തീരുമാനമായിരുന്നു’; കാർത്തിക പറയുന്നു | Karthika Viral Speech after 37 Years
‘സിനിമയിൽ ഉണ്ടായത് വെറും രണ്ടു വർഷം, മാറി നിൽക്കാമെന്നത് എന്റെ തീരുമാനമായിരുന്നു’; കാർത്തിക പറയുന്നു
മനോരമ ലേഖിക
Published: September 13 , 2024 12:27 PM IST
3 minute Read
ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഒത്തുചേരലിൽ വികാരഭരിതയായി കാർത്തിക. നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു പരിപാടിയിൽ താരം പങ്കെടുക്കുന്നത്. രണ്ടു വർഷങ്ങൾ മാത്രം സിനിമയിൽ അഭിനയിക്കുകയും പെട്ടെന്നൊരു ദിവസം അഭിനയം നിറുത്തി സ്വകാര്യ ജീവിതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്ത കാർത്തിക ആ ഓർമകളും ഒത്തുചേരലിൽ പങ്കുവച്ചു.
വലിയൊരു ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുൻപിലെത്തുന്നതിന്റെ ടെൻഷൻ പ്രകടമാക്കിയാണ് കാർത്തിക സംസാരിച്ചു തുടങ്ങിയത്. “ആദ്യമായിട്ടാണ് എന്റെ ഭർത്താവ് ഡോ.സുനിൽ അപ്പുറത്തു നിൽക്കുകയും ഞാൻ ഇപ്പുറത്ത് സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്യുന്നത്. അതിന്റെ ടെൻഷൻ എനിക്ക് ഭയങ്കരമായിട്ടുണ്ട്. 1987, ജൂലൈ 4, ഉണ്ണികളെ ഒരു കഥ പറയാം എന്നൊരു ഭംഗിയുള്ള സിനിമ ഉടലെടുത്തു. അതിലെ കേന്ദ്രകഥാപാത്രം എബി, കാതൽ ഈ കൊച്ചു കുഞ്ഞുങ്ങൾ! അന്നത്തെ കുട്ടികൾ വീണ്ടുമൊത്തു ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ സന്തോഷം. നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് ഞാൻ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വേദിയിൽ വന്നു നിൽക്കുന്നത്. 37 വർഷം എന്നു പറയുന്നത് അത്ര ചെറിയ കാര്യമല്ല. ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോൾ അറിയാതെ ടെൻഷൻ ആയിപ്പോകുന്നു. എങ്കിലും ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്.” കാർത്തിക ആമുഖമായി പറഞ്ഞു.
“2021 ജൂലൈ 6ന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഞങ്ങൾ തുടങ്ങി. അതിൽ ആദ്യം കുറച്ചു പേരെ ചേർത്തു. പിന്നീട് എന്റെ പരിമിതമായ ബന്ധങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ് കമൽ സർ പറഞ്ഞത്, കുട്ടികളെ നമുക്കൊരു റിയൂണിയൻ പോലെയൊന്നു സംഘടിപ്പിച്ചാലോ എന്ന്. അപ്പോൾ അവർ ചോദിച്ചു, നമുക്ക് ലാലങ്കിളിനെ കിട്ടുമോ എന്ന്. അങ്ങനെ അദ്ദേഹം ഈയടുത്ത് ലാൽ സാറിനെ കണ്ടു. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹമാണ് ബാക്കി കാര്യങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഡബിൾ ഹാപ്പി. അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും വളരെ സന്തോഷിച്ചു. പക്ഷേ, അതിനൊപ്പം എനിക്കു വേറൊരു സങ്കടം കൂടി ഉണ്ടായിരുന്നു. ഒരു പൊതുപരിപാടിയിൽ ഞാൻ പങ്കെടുക്കില്ല എന്നത് വർഷങ്ങൾക്കു മുൻപ് ഞാനെടുത്ത ഒരു തീരുമാനം ആയിരുന്നു. ആ തീരുമാനം ഓർത്തപ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. എന്തു ചെയ്യും എന്നായി ഞാൻ. മോഹൻലാലിനെ പോലെ ഒരാൾ ഇത്തരമൊരു കാര്യത്തിന് മുൻകൈ എടുത്തിറങ്ങമ്പോൾ അതിൽ യെസ് പറയാനോ നോ പറയാനോ ഞാൻ ആളല്ല. ആ ചിത്രത്തിൽ അഭിനേതാവു മാത്രമല്ല ശ്രീ മോഹൻലാൽ. സെഞ്ചുറി കൊച്ചുമോനൊപ്പം നിർമാണത്തിലും പങ്കാളിയാണ്. അദ്ദേഹത്തിന് ആ സിനിമയുമായി ബന്ധപ്പെട്ട് എന്തു കാര്യം ചെയ്യുന്നതിനും അധികാരമുണ്ട്. എല്ലാവരും ഈ ഒത്തുചേരലിനായി തിരുവനന്തപുരത്തു വരുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും? അങ്ങനെ ചെയ്താൽ അതെന്റെ സ്വാർത്ഥതയായി പോകും. അതുകൊണ്ട് ഈ കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല. ഞാൻ ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല. ഒരു ഫാമിലി റിയൂണിയൻ ആയതുകൊണ്ടു മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്,” കാർത്തിക വ്യക്തമാക്കി.
“37 വർഷങ്ങൾക്കു മുൻപ് സിനിമ ഒന്നും അറിയാതെ വന്ന ആളാണ് ഞാൻ. 40 ദിവസങ്ങൾക്കപ്പുറം ദൈർഘ്യമുള്ള ഒരു സിനിമ ഞാൻ ചെയ്തിട്ടില്ല. എല്ലാ സിനിമകളും അത്രയും സന്തോഷത്തോടും സ്നേഹത്തോടുമാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിൽ ഞാൻ സൈക്കിൾ ഓടിപ്പിക്കുന്നുണ്ട്. കുതിരവണ്ടി ഓടിക്കുന്നുണ്ട്. യഥാർഥ ജീവിതത്തിൽ ഒരു സൈക്കിൾ തന്നാൽ അതിൽ കേറാൻ എനിക്ക് അറിയില്ല. അതിൽ നിറയെ പെറ്റ്സ് ഉണ്ട്. ഒരു ആടിനെ ഒക്കെ ഞാൻ ആദ്യമായി എടുക്കുന്നത് ആ സിനിമയിലാണ്. ഇപ്പോൾ ഞാൻ വളർത്തുന്ന പെറ്റ്സിനെ കാണുമ്പോൾ ഞാൻ അതോർക്കും. ആ കണക്ട് എനിക്കുണ്ടായത് ആ സിനിമ വഴിയാണ്. അത്രയും സന്തോഷത്തോടെയാണ് ആ സിനിമ ചെയ്തത്,” കാർത്തിക പറഞ്ഞു.
“വെറും രണ്ടു വർഷമാണ് ഞാൻ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട്, ചിലരോടൊന്നും നന്ദി പറയാൻ കഴിഞ്ഞില്ല. ഈ വേദി ഞാൻ അതിനു ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇൻഡസ്ട്രിയോടും തമിഴ് ഇൻഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും പടം എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകൾ കൊണ്ടാണ്. ആകെ 15 സംവിധായകർക്കൊപ്പമെ ഞാൻ ജോലി ചെയ്തിട്ടുള്ളൂ. കാമ്പുള്ള കഥാപാത്രങ്ങൾ നൽകിയതിനും നല്ല കുടുംബചിത്രങ്ങൾ നൽകിയതിനും നന്ദി. ഗംഭീര അഭിനേതാക്കൾക്കൊപ്പമാണ് ആ ചുരുങ്ങിയ കാലത്തിൽ ഞാൻ വർക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബവുമായും ഞാനിന്നും കണക്ടഡ് ആണ്. എന്റെ മരണം വരെ അതു തുടരും,” കാർത്തിക പറയുന്നു.
“പ്രത്യേകം നന്ദി ശ്രീ മോഹൻലാൽ. താങ്കൾക്കൊപ്പം നിന്നതുകൊണ്ടു കൂടിയാണ് പ്രേക്ഷകരുടെ അത്രയും ഇഷ്ടം എനിക്കും നേടാനായത്. പിന്നെ, നന്ദി പറയേണ്ടത് എന്റെ ഭർത്താവ് ഡോ.സുനിൽ കുമാറിനോടാണ്. എല്ലാവരുമായും എന്നെക്കാൾ ബന്ധം സൂക്ഷിക്കുന്നത് അദ്ദേഹമാണ്. ഞാൻ പറഞ്ഞത് ബോറായിപ്പോയെങ്കിൽ ക്ഷമിക്കണം. ഇത്രയും കാലം എന്റെ ഉള്ളിൽ ഒതുക്കി വച്ചതാണ് ഇതെല്ലാം. ഇപ്പോൾ നന്ദി പറഞ്ഞില്ലെങ്കിൽ അത് മഹാപാപം ആയിപ്പോകും,” കാർത്തിക പറഞ്ഞു നിറുത്തി. എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് സദസ് കാർത്തികയുടെ വാക്കുകളെ സ്വീകരിച്ചത്.
കമൽ സംവിധാനം ചെയ്ത ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഒരു ഒത്തുചേരൽ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സിനിമയിലെ 10 ബാലതാരങ്ങളും പങ്കെടുത്തിരുന്നു.
English Summary:
Actor Karthika delivers an emotional speech after 37 years on a public platform. Watch glimpses of the reunion of Mohanlal and the crew of the film Unnikale Oru Katha Parayam.
6uofnh08ehgs2dn8hiqgptm5n9 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-viral mo-entertainment-common-malayalammovienews mo-entertainment-movie-kamal f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-karthika
Source link