HEALTH

അഗാപ്പെ അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു


മെയ്‌ക് ഇൻ കേരളയുടെ ഭാഗമായി ജാപ്പനീസ് കമ്പനിയുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ ഉപകരണ നിർമാണ കേന്ദ്രം കേരളത്തിലെ ആരോഗ്യ രംഗത്തിനു മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അൽഷിമേഴ്‌സ്, എപിലെപ്സി, അർബുദം, കരളും ശ്വാസകോശവും സംബന്ധമായ രോഗങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തിൽ തന്നെ  ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സംവിധാനത്തിന് രൂപം നല്കാൻ കേരളത്തിന് കഴിയുന്നു എന്നത് അഭിമാനകരമാണ്. കേരളം രോഗ പ്രതിരോധത്തിൽ മാത്രമല്ല രോഗനിർണയത്തിലും ചികിത്സാവിധികളിലുമെല്ലാം അഭൂതപ്പൂർവ്വമായ നേട്ടംകൈവരിക്കുന്നു എന്നതിന് തെളിവ് കൂടിയാണിത്. വ്യവസായ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം കൂടിയാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  
ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി ഹോട്ടൽ ലെ മെറിഡിയനിലാണ് നിർമ്മാണ യൂണിറ്റിന്റെ സോഫ്റ്റ് ലോഞ്ച് നടന്നത്.

കേരളത്തിലെ വ്യവസായ മേഖലയിലെ മികവിന്റെ ദൃഷ്ടാന്തം കൂടിനാണ് ലോകോത്തര മെഡിക്കൽ ഉപകരണ നിർമാണ കമ്പനിയുമായി സഹകരിച്ച നിർമാണ കേന്ദ്രം തുടങ്ങാൻ കഴിഞ്ഞതെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി  പി. രാജീവ് പറഞ്ഞു. സംരംഭകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ മെഡിക്കൽ ഉപകരണ നിർമാണ മേഖലയിൽ ആറു ശതമാനം മാത്രമാണ് കേരളത്തിന്റെ സാന്നിധ്യമെങ്കിലും ഇ രംഗത്തെ ആകെ വിറ്റുവരവിന്റെ 20 ശതമാനവും ഈ കമ്പനികളാണ് സംഭാവന ചെയ്യുന്നത്. മെഡിക്കൽ ഉപകരണ നിർമാണ മേഖലയിൽ കൂടുതൽ മുതൽമുടക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജന്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലമായ നിർമ്മാണ യൂണിറ്റാണിത്. ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.

നിയമം, വ്യവസായം & കയർ വകുപ്പ് മന്ത്രി പി രാജീവ്; ബെന്നി ബഹനാൻ  എംപി; പി.വി. ശ്രീനിജിൻ എം.എൽ.എ; അഗാപ്പെ എംഡി തോമസ് ജോൺ ; ഡയറക്ടർ മീനാ തോമസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്,  കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, – സി.പി.ഐ.എം എറണാകുളം സെക്രട്ടറി അഡ്വ. സി.എൻ. മോഹനൻ, അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ, എച്ച്.യു. ഗ്രൂപ്പ് ഹോൾഡിംഗ്സ് ഡയറക്ടർ, ചെയർമാൻ, കേചി ഷിഗേറ്റ്സു ; ഫുജിറെബോ  ഹോൾഡിങ്ങ്സിൻ്റെ  പ്രസിഡൻ്റും സിഇഒയുമായ ഇഷികാവ  ഗോകി  എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.
ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന ഉപകരണ നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ചെലവ് കുറയ്ക്കുക, അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള “മെയ്ക്ക് ഇൻ ഇന്ത്യ,” “മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്” എന്നീ പദ്ധതികൾ ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു  സുപ്രധാന നാഴികക്കല്ലാണ്. ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ (IVD) മേഖലയിൽ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കും.  ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ പറഞ്ഞു.


Source link

Related Articles

Back to top button