ASTROLOGY

പൊന്നോണം വരവായി; ഓർമകളിൽ പൂക്കളം നിറച്ച് വീണ്ടുമൊരു പൊന്നോണം

പൊന്നോണം വരവായി; ഓർമകളിൽ പൂക്കളം നിറച്ച് വീണ്ടുമൊരു പൊന്നോണം | Onam: A Glimpse into the Vibrant Culture of Kerala

പൊന്നോണം വരവായി; ഓർമകളിൽ പൂക്കളം നിറച്ച് വീണ്ടുമൊരു പൊന്നോണം

ഡോ. പി.ബി. രാജേഷ്

Published: September 13 , 2024 01:25 PM IST

1 minute Read

മലയാളികളുടെ മഹോത്സവമാണ് തിരുവോണം

ചിത്രം: രാഹുൽ ആർ പട്ടം∙ മനോരമ

മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങത്തിലെ തിരുവോണം നാളിലാണ് വാമനൻ അവതരിച്ചത് എന്നാണ് വിശ്വാസം. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം.മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്ര രാശികൾക്കനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. 

ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം കൂടാതെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീനാരായണ ഗുരുജയന്തി,ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ വിശേഷ ദീവസങ്ങൾ വരുന്നതും ചിങ്ങത്തിലാണ്. പ്രധാന ആഘോഷവും ഓണ സദ്യയും തിരുവോണനാളിലാണ്.ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഉണ്ടെങ്കിലും എല്ലാ വീടുകളിലും തൃക്കാക്കരയപ്പനെ അലങ്കരിച്ചുവച്ച്, വീടൊരുക്കി, കുടുംബാംഗളോടൊപ്പം ഓണസദ്യ കഴിക്കും. ഓണത്തിന് സാധാരണ രീതിയിൽ പച്ചക്കറി കൊണ്ടു ള്ള വിഭവങ്ങളാണ് ഉപയോഗിക്കുക.ഇത് ഒരു കാർഷിക ഉത്സവംകൂടിയാണ്.

അത്തം നാൾ മുതൽ വീടിനു മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. തൃക്കാക്കരയപ്പനുള്ള നിവേദ്യങ്ങളും പൂക്കളയ ത്തിൽ ഒരുക്കുന്നു. തിരുവോണ നാളിൽ തുമ്പക്കുടമാണ് ഇടുക. ഓണത്തിന്റെ തലേദിവസം അതായത് ഉത്രാട നാളിലാണ് ഓണത്തിനുള്ള ഒരുക്കങ്ങൾക്കായി അവസാന ഓട്ടം നടത്തുന്നത്. ഉത്രാടപ്പാച്ചിൽ എന്നാണത് അറിയപ്പെടുന്നത്. ഓണപ്പുടവയും ഓണക്കോടിയും ഉടുത്ത് മലയാളികൾ ഈ ദിവസം ഒരുങ്ങുന്നു.

ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. വിഭവ സമൃദ്ധമായ സദ്യയാണ് മറ്റൊരു പ്രത്യേകത. സദ്യയ്ക്കു ശേഷം ഓണക്കളികളായ തുമ്പിതുള്ളൽ, കൈകൊട്ടിക്കളി, തിരുവാതിര കളി, കോലുകളി, ഓണപ്പാട്ട്, ഊഞ്ഞാലാട്ടം, പുലികളി, വള്ളം കളി തുടങ്ങിയവയൊക്കെയുണ്ടാകും. “അത്തം കറുത്താൽ ഓണം വെളുത്ത്” എന്നൊരു പഴമൊഴി തന്നെയുണ്ട്. അത്ത ദിവസം മേഘാവൃതമാവുവുകയോ മഴ പെയ്യുകയോ ചെയ്താൽ ഓണം നല്ല തെളിഞ്ഞ ദിവസമായിരിക്കും എന്നാണ് പഴമൊഴിയുടെ അർത്ഥം.

കാക്കപ്പൂവും മുക്കുറ്റിപൂവും കദളിപ്പൂവും തെച്ചിപ്പൂവും ചെമ്പരത്തിപൂവുമൊക്കെയായിരുന്നു പഴയ കാലങ്ങളിൽ ഓണത്തിന് പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്. ഓണം വരാൻ ഒരു മൂലം വേണം എന്നത് എല്ലാത്തിനും ഒരു കാരണം ഉണ്ടാകും എന്നതിന്റെ സൂചനയാണ്. പൂക്കളം  കോൺ ആകൃതിയിലോ ഒരു മൂലയുള്ള രീതിയിലോ പൂക്കളം ഇടുന്നത് മൂലത്തിന്റെ അന്നാണ്.
അത്തം മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ ചതയ ദിനത്തോട് കൂടി അവസാനിക്കുന്നു. ഓണക്കാലത്താണ് ആറന്മുള വള്ളംകളിയും വള്ളസദ്യയും ഒക്കെ നടക്കുന്നത്. തൃക്കാക്കര വാമന ക്ഷേത്രത്തിൽ തിരുവോണ സദ്യയും കെങ്കേമമായി  കൊണ്ടാടുന്നു. മാവേലി നാടു വാണീടും കാലം പാടി മലയാളക്കരയൊന്നാകെ ശുഭപ്രതീക്ഷയോടെ ഓണം കൊണ്ടാടുന്നു.മലയാളിയുടെ മനസ്സിൽ ഓണ ഓർമകൾ നിറഞ്ഞുനിൽക്കുന്നതിനാൽ മലയാളിയുള്ളിടത്തെല്ലാം ഓണവുമുണ്ട്

English Summary:
Onam: A Glimpse into the Vibrant Culture of Kerala

mo-religion-thiruvonam 30fc1d2hfjh5vdns5f4k730mkn-list mmsectiontags-malayalam-onam dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-list 6mqeejvcv2is5uv0iq3ovb38a2


Source link

Related Articles

Back to top button