KERALAMLATEST NEWS

ഇച്ചായാ, എന്നെക്കൂടെ കൊണ്ടുപോ….. ജെൻസണിന് ഉള്ളുപൊട്ടുന്ന യാത്രാമൊഴി

പ്രിയതമനൊപ്പം….കൽപ്പറ്റ ലിയോ ഹോസ്പിറ്റലിലെ ഐ.സി.യുവിൽ എത്തിച്ച ജെൻസന്റെ ചേതനയറ്റ ശരീരത്തിനരികെ ശ്രുതി

കൽപ്പറ്റ: കണ്ണീർക്കഥകൾ ബാക്കിയാക്കി മടങ്ങിയ ജെൻസണിനെ ശ്രുതി അവസാനമായി ഒന്നു നോക്കി. ഒപ്പം ഉള്ളുലയ്ക്കുന്ന ഒരു ചോദ്യം. ‘ഇച്ചായാ എന്നെക്കൂടെ കൊണ്ടുപോകുമോ?” ആശുപത്രിയാകെ നിശ്ചലമായി. ശ്രുതിയുടെ കണ്ണീരൊപ്പാൻ ഡോക്ടർമാ‌ർ പണിപ്പെട്ടു. അതിനിടെ ഡോക്ടർമാരോട് ഒരു കാര്യംകൂടി ചോദിച്ചു. എല്ലാവരെയും പുറത്താക്കി ഞങ്ങളെ മാത്രം അല്പനേരം ഇവിടെ കഴിയാൻ അനുവദിക്കുമോ?.
ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമായിരുന്നു അത്. ജെൻസൺ പോയതോടെ ശ്രുതിയുടെ നില വഷളായി. എല്ലാ നിയന്ത്രണവുംവിട്ട് അവൾ പൊട്ടിക്കരഞ്ഞു. ശ്രുതി ചികിത്സയിൽ കഴിയുന്ന കൽപ്പറ്റ ലിയോ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെത്തിയായിരുന്നു അവസാന ദർശനം.
ടി.സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു. ക്ഷമിക്കൂ എന്ന് ആശ്വസിപ്പിച്ചാണ് എല്ലാവരും മടങ്ങിയത്. ബുധനാഴ്ച രാത്രിയിൽ ശ്രുതി ജെൻസണിന്റെ മൃതദേഹം കണ്ടിരുന്നു. രാത്രി 11 മണിയോടെ ശ്രുതി ചികിത്സയിൽ കഴിയുന്ന കൽപ്പറ്റയിലെ ലിയോ ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. ജെൻസൺ സർജറി കഴിഞ്ഞ് വിശ്രമത്തിൽ ആണെന്നായിരുന്നു ബന്ധുക്കൾ വിശ്വസിപ്പിച്ചിരുന്നത്. അത്യാഹിത വിഭാഗത്തിൽ കിടത്തിയിരുന്ന മൃതദേഹത്തിന്റെ അരികിലേക്ക് ശ്രുതിയെ എത്തിച്ചപ്പോൾ ‘ ജെൻസണിന്റെ കൈപിടിച്ച ശ്രുതി തിരിച്ചറിഞ്ഞു, ഇനി തന്റെ പ്രിയപ്പെട്ടവൻ കൂടെ ഉണ്ടാവില്ലെന്ന്.
തണുത്തു മരവിച്ച കൈയായിരുന്നു അത്. പിന്നീട് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ അരമണിക്കൂർനേരം നിരീക്ഷിച്ചശേഷമാണ് ലിയോ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.
ഇന്നലെ രാവിലെ ഒരിക്കൽക്കൂടി കാണണമെന്ന് ശ്രുതി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് വീണ്ടും കാണുന്നതിന് അവസരം ഒരുക്കിയത്.മെഡിക്കൽകോളേജ് ആശുപത്രിയിലും മൃതദേഹം അല്പനേരം പൊതുദർശനത്തിന് വച്ചിരുന്നു.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രുതിയുടെ മറ്റ് ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.

അവസാനമായി ശ്രുതിയുടെ അരികിലേക്ക്

സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം കൽപ്പറ്റയിലെ ലിയോഹോസ്പിറ്റലിൽ എത്തിച്ചത്. ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതിയെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ നിന്ന് ഉച്ചയ്ക്ക് 12. 45 ഓടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മുൻകുരുതൽ എന്ന നിലയിൽ ഐ.സി.യുവിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാവിധ ക്രമീകരണങ്ങളും വരുത്തി.
ഒരു മണിയോടെ ആംബുലൻസ് ആശുപത്രിയിലെത്തി. ആംബുലൻസിൽ നിന്ന് ഇറക്കിയ ജെൻസണിന്റെ മൃതദേഹം ശ്രുതിയുടെ അരികിലേക്ക്. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ: ടി.പി.വി.സുരേന്ദ്രന്റെ നേതൃത്വത്തിൽ ശ്രുതിക്ക് നേരത്തെ തന്നെ കൗൺസലിംഗ് നൽകിയിരുന്നു. എന്തും നേരിടാനുളള കരുത്ത് അവൾക്ക് ഡോക്ടർമാർ നൽകി. ജെൻസൺ ഇത്രയും ദിവസം നൽകിയ മാനസിക കരുത്തും അവൾക്ക് കൂട്ടായി.


Source link

Related Articles

Back to top button