അമ്പലവയൽ(വയനാട്): അമ്മ മേരി ചേതനയറ്റ് കിടന്ന മകൻ അപ്പുവിനോടായി പൊട്ടിക്കരഞ്ഞ് ചോദിച്ചു-ശ്രുതിയോട് ഞാൻ എന്തു പറയും? അപ്പു എന്ന് ചെല്ലപ്പേരുള്ള ജെൻസണ് മിണ്ടാൻ കഴിയില്ലല്ലോ. അതിനിടെ ഒരു പിടി പൂക്കൾ ഉളളം കൈയിൽ പിടിച്ച് ആ മാറത്തോടു ചേർന്ന് അച്ഛൻ ജയൻ പറഞ്ഞു- -നീ എനിക്ക് ചെയ്യേണ്ടത് ഞാൻ നിനക്ക് ചെയ്യേണ്ടിവന്നു. കണ്ടുനിന്നവരെയെല്ലാം കരയിച്ച വാക്കുകൾ. ഉരുൾ ദുരന്തത്തിൽ അച്ഛനും അമ്മയും കൂടപ്പിറപ്പും അടക്കം കുടുംബത്തിലെ ഒമ്പതുപേർ മരിച്ച ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. ചൊവ്വാഴ്ച ഇവരും ബന്ധുക്കളും സഞ്ചരിച്ച ഒമ്നി വാൻ ബസുമായി കൂട്ടിയിടിച്ചാണ് ജെൻസൺ മരിച്ചത്.
അതിവൈകാരികമായ രംഗങ്ങൾക്കാണ് ഇന്നലെ ആണ്ടൂർ പരിമളത്തിൽ ജെൻസണിന്റെ വീട് സാക്ഷിയായത്. വരുന്ന ഇരുപതാം തിയതി ചെറിയ തോതിലാണെങ്കിലും ഒരു വിവാഹപ്പന്തൽ ഒരുങ്ങേണ്ട മുറ്റം. അവിടെ കളിച്ചുവളർന്ന അപ്പുവിന്റെ ശരീരം ചേതനയറ്റ നിലയിൽ. അവന്റെ കൈകളിൽ മൃദുവായി തലോടുന്ന കൂടപ്പിറപ്പ് ജെൻസി. അവിടേക്ക് ഒഴുകിയെത്തിയ ആയിരങ്ങളിൽ ആരും കണ്ണ് കലങ്ങാതെ മടങ്ങിയില്ല.
അമ്പലവയൽ ആണ്ടൂർ ഒന്നയാർ ഗ്ലോറിസ് ഹാളിലെ പൊതുദർശനത്തിനു ശേഷമാണ് ഉച്ചയ്ക്ക് 2.30 ഓടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത് . ഇവിടെ 55 മിനിട്ട് വച്ചശേഷം അന്ത്യകർമ്മങ്ങൾക്കായി നിത്യസഹായ മാതാ ദേവാലയത്തിലേക്ക് കൊണ്ടുപോയി. വീട്ടിലെയും പള്ളിയിലെയും സംസ്കാര ചടങ്ങുകൾക്ക് ഫാ.വിക്ടർ മെന്റോൺസ കാർമ്മികത്വം വഹിച്ചു.
Source link