യെച്ചൂരി കേരളത്തിൽ ആദ്യവും അവസാനവുമെത്തിയത് കൊല്ലത്ത്

കൊല്ലം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏറ്റവും ഒടുവിൽ കേരളത്തിലെത്തിയത് കരുനാഗപ്പള്ളിയിൽ നടന്ന നാല് ജില്ലകളിലെ മേഖലാ റിപ്പോർട്ടിംഗിന്റെ ഉദ്ഘാടനത്തിനായിരുന്നു. താൻ കേരളത്തിൽ ഏറ്റവും ആദ്യ സന്ദർശിച്ച സ്ഥലവും കൊല്ലമാണെന്ന് അന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബഹുജന സംഘടനാ പ്രവർത്തകരുടെ വോട്ടുപോലും ചോർന്നെന്ന് യോഗത്തിൽ തുറന്നുപറഞ്ഞാണ് അദ്ദേഹം അന്ന് മടങ്ങിയത്. നേതാക്കൾക്കും പ്രവർത്തകർക്കും പൊതുജനങ്ങളുമായുള്ള ബന്ധം കുറഞ്ഞെന്നും അദ്ദേഹം വിമർശിച്ചിരുന്നു. എഴ് വർഷത്തിനിടെ കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് പത്ത് ശതമാനത്തിൽ നിന്നും വളരെ ഉയർന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം ബി.ജെ.പി ദക്ഷിണ കേരളത്തിൽ കടന്നുകയറാൻ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായ് 3ന് രാത്രി കൊല്ലത്തെത്തി തങ്ങിയ ശേഷമാണ് തൊട്ടടുത്ത ദിവസം കരുനാഗപ്പള്ളിയിലേക്ക് പോയത്.

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ഏറെ ആരാധകർ കൊല്ലത്ത് യെച്ചൂരിക്കുണ്ട്. അതുകൊണ്ട് തന്നെ കൊല്ലത്ത് യെച്ചൂരി എത്തുന്ന പരിപാടികൾക്കെല്ലാം വൻജനക്കൂട്ടവും പതിവായിരുന്നു.


Source link
Exit mobile version