നോത്ര് ദാം ബസിലിക്ക മാർപാപ്പ കൂദാശ ചെയ്യും
പാരീസ്: പുനരുദ്ധരിച്ച പാരീസിലെ നോത്ര് ദാം ബസിലിക്കയുടെ കൂദാശാകർമം ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ ഡിസംബർ എട്ടിനു നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി റെക്ടർ മോൺ. ഒലിവർ റിബാദോ ദ്യൂമാ അറിയിച്ചു. 2019 ഏപ്രിൽ 15നുണ്ടായ തീപിടിത്തത്തിൽ പള്ളിയുടെ ഗോപുരവും മേൽക്കൂരയും തകർന്നുവീഴുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഗോപുരവും മേൽക്കൂരയും പുനഃസ്ഥാപിച്ചുകഴിഞ്ഞു. പണികൾക്കുവേണ്ടി കെട്ടിയുയർത്തിയ തട്ടുകൾ അഴിച്ചുകൊണ്ടിരിക്കുകയാണ്. കേടുപാടുകൾ പറ്റിയ എട്ട് ഓട്ടുമണികൾ പുതുക്കിയ ശേഷം ഇന്നലെ പള്ളിയിലെത്തിച്ചു. പള്ളിയുടെ വടക്കേ ഗോപുരത്തിൽ സ്ഥാപിക്കാനുള്ളവയാണ് ഇവ. ഇവയിൽ ഏറ്റവും വലുതിന്റെ പേര് ഗബ്രിയേൽ എന്നാണ്- ഭാരം 4.1 ടൺ. നോത്ര് ദാമിൽ ആകെ 20 മണികളുണ്ട്. ഇവയിൽ ഏറ്റവും ഭാരമുള്ള രണ്ടെണ്ണം തെക്കേ ഗോപുരത്തിലാണ്- 13 ടണ്ണാണ് ഒന്നിന്റെ ഭാരം.
ബസിലിക്ക റെക്ടർ മണികൾ വെഞ്ചരിച്ചു. വരുംദിവസങ്ങളിൽ മണികൾ മണിമാളികയിൽ സ്ഥാപിക്കും. പള്ളിയുടെ അതിജീവനത്തിന്റെ അടയാളമാണു മണികളെന്നും അവയുടെ സ്വരം വിശ്വാസികളെ ഒന്നിച്ചുകൂട്ടുന്ന കൂട്ടായ്മയുടെയും പ്രാർഥനയുടെയും സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
Source link