ഗാസ സ്കൂളിൽ ആക്രമണം; യുഎൻ ജീവനക്കാർ അടക്കം 18 പേർ മരിച്ചു
കയ്റോ: ഗാസയിലെ സ്കൂളിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ആറു ജീവനക്കാർ അടക്കം 18 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ അൽജവൂനി സ്കൂളിൽ ബുധനാഴ്ച രണ്ടു തവണ വ്യോമാക്രമണം ഉണ്ടായെന്ന് യുഎൻ ഏജൻസി അറിയിച്ചു. യുദ്ധം മൂലം അഭയാർഥികളായ 12,000 പലസ്തീൻകാർ സ്കൂൾവളപ്പിൽ അഭയം തേടിയിട്ടുണ്ട്. തീവ്രവാദികളെ ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള ആക്രമണമാണു നടത്തിയതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ഗാസാ യുദ്ധത്തിൽ ഏറ്റവും കൂടുതൽ യുഎൻ ജീവനക്കാർ കൊല്ലപ്പെടുന്ന ആക്രമണമാണിത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 18 പേർക്കു പരിക്കേൽക്കുകയുമുണ്ടായി. അഞ്ചാം തവണയാണ് ഇതേ സ്കൂൾ ആക്രമിക്കപ്പെടുന്നത്. സ്കൂളിൽ ഹമാസിന്റെ കേന്ദ്രം പ്രവർത്തിച്ചിരുന്നുവെന്നും തീവ്രവാദ ആക്രമണത്തിനു പദ്ധതിയിട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ജനനാശം ഉണ്ടാകാതിരിക്കാൻ നടപടികളെടുത്തിരുന്നുവെന്നും ഇസ്രേലി സേന പറഞ്ഞു.
ആക്രമണത്തെ അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് അറിയിച്ചു. അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഗാസയിൽ നടക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നത് യുഎൻ അവസാനിപ്പിക്കണമെന്നും, ഹമാസ് ഭീകരർ സ്ത്രീകളെയും കുട്ടികളെയും പരിചകളാക്കുകയാണെന്നും ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൻ മറുപടി നല്കി.
Source link