ആലപ്പുഴ: കടവന്ത്ര ശിവകൃപയിൽ സുഭദ്രയെ (73) കലവൂരിൽ വച്ച് കൊലപ്പെടുത്തിയത് അതി ക്രൂരമായാണെന്ന് പ്രാഥമിക പോസ്റ്റുമാർട്ടത്തിൽ വ്യക്തമായി. ശരീരത്തിന്റെ ഇരുഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നിരുന്നു. കഴുത്തിന്റെ അസ്ഥിക്കും ഒടിവുണ്ട്. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. കൈ ഒടിച്ചത് മരണശേഷമെന്നാണ് നിഗമനം. മൃതദേഹം ചാക്കിലോ മറ്റോ കെട്ടാൻ ശ്രമിച്ചപ്പോൾ കൈ ഒടിച്ചതാകാനും സാദ്ധ്യതയുണ്ട്. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
കടവന്ത്രയിൽ നിന്ന് ആഗസ്റ്റ് നാലിന് കാണാതായ സുഭദ്രയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ പഴമ്പാശ്ശേരി വീടിനു പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസും ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയുമാണ് കൊലനടത്തിയതെന്നാണ് വിവരം. സംഭവശേഷം കാണാതായ ഇവർക്കായി അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കൊലപാതകത്തിനു മുമ്പുതന്നെ മാത്യൂസും ശർമ്മിളയും വാടകവീടിന് പിറകുവശത്ത് കുഴിയെടുത്തതായാണ് വിവരം. ആഗസ്റ്റ് ഏഴിന് കുഴിയെടുക്കാൻ എത്തിയപ്പോൾ സുഭദ്രയെ വാടകവീട്ടിൽ കണ്ടിരുന്നുവെന്ന് കുഴിവെട്ടിയയാൾ പൊലീസിനു മൊഴിനൽകി. സുഭദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മദ്യപാനം, സാമ്പത്തിക ഇടപാട്
ദമ്പതികളായ മാത്യൂസും ശർമ്മിളയും അമിതമദ്യപാനികളായിരുന്നെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറഞ്ഞു. കൊലപാതകം സ്വർണത്തിനുവേണ്ടി മാത്രമായിരുന്നു എന്നാണ് കരുതുന്നത്. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വച്ചതായും കണ്ടെത്തി. കഴിഞ്ഞമാസം ഒമ്പതിന് കലവൂരിലെ വാടകവീട് വിട്ടിറങ്ങിയ മാത്യൂസും ശർമ്മിളയും ആഗസ്റ്റ് അവസാനവും കലവൂരിൽ എത്തിയിരുന്നു എന്നാണ് കണ്ടെത്തൽ. ഇവരുടെ ഒരു സഹായിയെ തിങ്കളാഴ്ച പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യൂസിന്റെ കുടുംബം വ്യക്തമാക്കി. ആന്റി എന്നാണ് ശർമ്മിള സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നത്. ശർമ്മിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനാണ് അന്വേഷണച്ചുമതല.
Source link