ജെൻസണും ശ്രുതിയും മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയും അച്ഛനും സഹോദരിയും നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഏക ആശ്രയമായിരുന്ന പ്രതിശ്രുതവരനും എന്നേക്കുമായി യാത്രയായി.
അമ്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ – മേരി ദമ്പതികളുടെ മകൻ ജെൻസൺ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. ശ്രുതിയും ജെൻസണും ബന്ധുക്കളും സഞ്ചരിച്ച ഓംനിവാൻ ചൊവ്വാഴ്ച ദേശീയപാതയിൽ കൽപ്പറ്റ വെള്ളാരംകുന്നിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളിയിലെ ശ്രുതിയുടെ ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഓംനിവാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജെൻസണായിരുന്നു വാൻ ഓടിച്ചത്. തൊട്ടടുത്ത സീറ്റിലായിരുന്നു ശ്രുതി. 15 മിനിട്ടോളം ഡ്രൈവിംഗ് സീറ്റിൽ ജെൻസൺ കുടുങ്ങിക്കിടന്നു. ഓടിക്കൂടിയവരും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജെൻസണെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.
തലച്ചോറിനേറ്റ ക്ഷതവും തലയിലും മൂക്കിലുമുണ്ടായ രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്. ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഉരുൾ പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും അടക്കം ഒൻപത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പമാണ് ശ്രുതിയുടെ താമസം. വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെയ്സൺ,ജെൻസി എന്നിവരാണ് ജെൻസൺന്റെ സഹോദരങ്ങൾ. പോസ്റ്റ്‌മോർട്ടശേഷം മൃതദേഹം ആണ്ടൂർ ഒന്നേ ആർ നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും.
പ്രണയം തകർത്ത ദുരന്തങ്ങൾ
ജെൻസണും ശ്രുതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം നടന്നു. വിവാഹം പിന്നീട് ആഘോഷമായി നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ഉരുൾദുരന്തമെത്തിയത്. ചൂരൽമല സ്‌കൂൾ റോഡിൽ ആയിരുന്നു ശ്രുതിയുടെ വീട്. മേപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു ശ്രുതിയുടെ അമ്മ സബിത. അച്ഛൻ ശിവണ്ണന് കൂലിപ്പണി. അച്ഛനും അമ്മയും സഹോദരിയും ഉരുൾപൊട്ടലിൽ പുത്തൻ വീടിനോടൊപ്പം ഒലിച്ചുപോയി. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി മാത്രം ശേഷിച്ചു.
Source link