ബിജെപി നേതാവിന്റെ മകന്റെ ഓഡി ഇടിച്ചുതെറിപ്പിച്ചത് മൂന്ന് കാറുകളും സ്‌കൂട്ടറും; അപകടം ബാറിൽ നിന്ന് മടങ്ങവേ
മുംബയ്: ബിജെപി മേധാവിയുടെ മകന്റെ ആഡംബര കാറിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്ര ബിജെപി മേധാവി ചന്ദ്രശേഖർ ബവാൻകുലെയുടെ മകൻ സങ്കേത് ബവാൻകുലെയുടെ എസ്‌യുവി മൂന്ന് കാറുകളും ഒരു സ്കൂട്ടറുമാണ് ഇടിച്ച് തെറിപ്പിച്ചത്. നാഗ്‌പൂരിലെ രാംദാസ്‌പേഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
മങ്കാപൂരിന് ആറ് കിലോമീറ്റർ അകലെയായാണ് അപകടമുണ്ടായത്. സങ്കേതിന്റെ ‘ഓഡി ക്വു8’ കാർ അപകടമുണ്ടാക്കിയതിന് പിന്നാലെ കാറിലുണ്ടായിരുന്നവരെ പ്രദേശവാസികൾ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. സങ്കേത് അടക്കമുള്ളവർ ബാറിൽ നിന്ന് മടങ്ങവേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അപകടസമയത്ത് കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ സങ്കേത് അടക്കം മൂന്നുപേർ സ്ഥലത്തുനിന്ന് മുങ്ങി.പ്രദേശവാസികൾ ചേർന്ന് ഡ്രൈവർ അർജുൻ ഹാവ്‌റെയെയും ഒപ്പമുണ്ടായിരുന്ന രോണിത് ചിറ്റംവാറിനെയും പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നാണ് വിവരം.
ഓഡി കാർ ആദ്യം ഇടിച്ച കാറിന്റെ ഉടമയായ ജിതേന്ദ്ര സോങ്കംബ്ളെയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ രണ്ടുപേർക്കും ജാമ്യം നൽകി വിട്ടയച്ചു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ അപകടമുണ്ടാക്കിയ കാർ മകന്റേത് തന്നെയാണെന്ന് ബിജെപി നേതാവ് ചന്ദ്രശേഖർ ബവാൻകുലെ സ്ഥിരീകരിച്ചു. ‘സംഭവത്തിൽ പൊലീസ് വിശദമായ, നിഷ്‌പക്ഷ അന്വേഷണം നടത്തണം. കുറ്റം ചെയ്തവർക്ക് ശിക്ഷ നൽകണം. ഞാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനോടും അപകടവുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം’-ചന്ദ്രശേഖർ ബവാൻകുലെ വ്യക്തമാക്കി.
Source link