KERALAMLATEST NEWS

അയൽവാസിയുടെ കാർ പാഞ്ഞുകയറി കുഞ്ഞ് മരിച്ചു; ആശുപത്രിയിൽ പോലും എത്തിക്കാതെ പ്രതി മുങ്ങി

കാൺപൂർ: ശരീരത്തിലൂടെ കാർ കയറിയിറങ്ങി രണ്ട് വയസുകാരി മരിച്ചു. ഉത്തർപ്രദേശ് കാൺപൂരിലെ ബാര – 7 ഏരിയയിലാണ് ദാരുണമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിലൂടെ അയൽവാസി ഓടിച്ച കാറാണ് കയറിയിറങ്ങിയത്. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരി അമ്മയുടെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഇറങ്ങി. ഈ സമയത്ത് അയൽവാസി കാറുമായി റോഡിലെത്തി. മുന്നിൽ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാൾ വാഹനം ഓടിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. കാർ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ല. കുഞ്ഞ് അപകടത്തിൽപ്പെട്ടെന്ന് അറിഞ്ഞിട്ടും ആശുപത്രിയിൽ പോലും എത്തിക്കാതെ ഇയാൾ രക്ഷപ്പെട്ടുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

വാഹനം കുട്ടിയെ തട്ടിയെന്ന് മനസിലായിട്ടും നിർത്താതെ മുന്നോട്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടക്കുന്ന സമയം ഇവർക്കരികിലൂടെ ഒരു ബൈക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അയൽവാസിയാണ് മകളെ ഇടിച്ചിട്ടതെന്ന് കുട്ടിയുടെ പിതാവ് രോഹിത് സിംഗ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അൽപ്പമെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ അയാൾ കാർ നിർത്തിയേനെ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിൽ തന്റെ മകൾ രക്ഷപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button