സാഫ് ജൂണിയർ അത്ലറ്റിക്സ് : ആദ്യദിനം തകർന്നത് നാലു മീറ്റ് റിക്കാർഡ്
ചെന്നൈ: നാലാമത് സാഫ് ജൂണിയർ അത്ലറ്റിക്സിന്റെ ആദ്യദിനം നാലു റിക്കാർഡുകൾ തകർന്നുവീണു. ഇന്ത്യയുടെ രണ്ടു താരങ്ങൾ റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടു. പുരുഷ ഷോട്ട്പുട്ട് ജൂണിയർ വിഭാഗത്തിൽ ഇന്ത്യയുടെ സിദ്ധാർഥ് ചൗധരി 19.19 മീറ്റർ കുറിച്ചാണ് റിക്കാർഡ് സ്വർണം കഴുത്തിലണിഞ്ഞത്. 2018ൽ ബഹുതുല കുറിച്ച 18.53 മീറ്റർ എന്ന റിക്കാർഡ് പഴങ്കഥയായി. ഈയിനത്തിൽ ഇന്ത്യയുടെ അനുരാഗ് സിംഗിനാണ് (18.91) വെള്ളി. പെണ്‍കുട്ടികളുടെ ഹൈജംപിൽ ഇന്ത്യയുടെ പൂജ മീറ്റ് റിക്കാർഡോടെ സ്വർണത്തിലെത്തി. 1.80 മീറ്റർ കുറിച്ചാണ് പൂജയുടെ സ്വർണ നേട്ടം. പെറുവിലെ ലിമയിൽ നടന്ന അണ്ടർ 20 ലോക ചാന്പ്യൻഷിപ്പിൽ 1.83 മീറ്ററുമായി ദേശീയ റിക്കാർഡ് പുതുക്കിയശേഷമാണ് പൂജ സാഫ് പോരാട്ടത്തിനെത്തിയത്. പെണ്‍കുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്മിപ്രിയ വെള്ളി നേടി. ശ്രീലങ്കയുടെ അഭിഷേക പ്രേമശ്രിക്കാണ് (2:10.17) സ്വർണം. 2:10.87 സെക്കൻഡിലാണ് ലക്ഷ്മിപ്രിയ ഫിനിഷിംഗ് ലൈൻ കടന്നത്. ആണ്‍കുട്ടികളുടെ 800 മീറ്ററിൽ ശ്രീലങ്കയുടെ ശവിന്ദു ആവിഷ്ക മീറ്റ് റിക്കാർഡോടെ (1:49.83) സ്വർണത്തിലെത്തി. ഇന്ത്യയുടെ വിനോദ് കുമാർ (1:50.07), ബൊപ്പണ്ണ ക്ലാപ്പ (1:50.45) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വേഗമേറിയ താരങ്ങളെ നിശ്ചയിച്ച വനിതാ 100 മീറ്ററിൽ ഇന്ത്യയുടെ അഭിനയ രാജരാജൻ റിക്കാർഡോടെ സ്വർണമണിഞ്ഞു. 11.77 സെക്കൻഡിൽ അഭിനയ ഫിനിഷിംഗ് ലൈൻ കടന്നു. ഇന്ത്യയുടെ വി. സുധീക്ഷയ്ക്കാണ് (11.92) വെള്ളി. ആണ്‍കുട്ടികളുടെ 100 മീറ്ററിൽ ശ്രീലങ്കയുടെ വിജെസിംഗെ മേരോണ് (10.41) മീറ്റ് റിക്കാർഡുമായി സ്വർണത്തിലെത്തി. ഇന്ത്യയുടെ മൃത്യം ജയറാം (10.56) വെങ്കലം സ്വന്തമാക്കി.
Source link