KERALAMLATEST NEWS

‘ജെൻസന് ആന്തരിക രക്തസ്രാവം’; ജീവൻ  നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ

കൽപ്പറ്റ: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്പലവയൽ സ്വദേശി ജെൻസണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

‘ഇന്നലെ വെെകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിൽ മുക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക് അകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല’,- ഡോക്ടർ വ്യക്തമാക്കി.

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. ഇന്നലെ വൈകിട്ട് വയനാട് കൽപ്പറ്റ വെള്ളാരംകുന്നിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനാപകടത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഉൾപ്പെട്ട ശ്രുതിയെയും ജെൻസണിനെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെൻസണെ അടിയന്തരമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെൻസണും ശ്രുതിയും. വാനിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. വെള്ളാരംകുന്ന് മേഖലയിലെ വളവിൽവച്ച് ഇവർ സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു.

വയനാട് ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കല്യാണാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. അതും ഉരുളെടുത്തു. പത്ത് വർഷമായി പ്രണയത്തിലാണ് ശ്രുതിയും ജെൻസണും. ഇതിനിടെ അപ്രതീക്ഷിതമായാണ് ശ്രുതിയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും ജീവൻ ഉരുൾ കവർന്നെടുക്കുന്നത്.


Source link

Related Articles

Back to top button