മലപ്പുറം: വിവാഹത്തിന് നാലു ദിവസം മുമ്പ് കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി കുറുന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) ഇന്നലെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. മലപ്പുറം പൊലീസിന്റെ പ്രത്യേക സംഘവും തമിഴ്നാട് പൊലീസും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.
വിവാഹച്ചെലവുകൾക്ക് പണം തികയില്ലെന്ന ചിന്തയിൽ നാടുവിട്ടതാണെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. വിഷ്ണുജിത്ത് വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും പൊലീസ് പറയുന്നു. പലരോടും കടമായി പണം ചോദിച്ചെങ്കിലും ലഭിക്കാത്തതിനാൽ മാനസികമായി തകർന്നെന്നും വിഷ്ണുജിത്ത് മൊഴി നൽകി. സുഹൃത്തിൽ നിന്ന് ഒരു ലക്ഷം രൂപയിൽ 10,000 രൂപ വീട്ടിലേക്ക് അയച്ചു. ബാക്കി പണത്തിൽ നിന്ന് 50,000 രൂപ നഷ്ടപ്പെട്ടുവെന്നും തമിഴ്നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോൺ ഓൺ ആക്കിയതെന്നും വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു.
ബന്ധുക്കൾ തിങ്കളാഴ്ച രാത്രി എട്ടിന് വിളിച്ചപ്പോൾ ഫോണെടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തിരുന്നു. ഉടൻ ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ ഊട്ടിയിലെ കൂനൂരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി തമിഴ്നാട് പൊലീസിനെ ബന്ധപ്പെട്ടു. ഇന്നലെ വൈകിട്ടോടെ ഊട്ടിയിൽ നിന്ന് വിഷ്ണുജിത്തിനെ മലപ്പുറത്തെത്തിച്ചു. സ്വമേധയാ മാറിനിന്നതാണോ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ ചോദ്യംചെയ്യലിന് ശേഷമേ പറയാനാകൂവെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു. വിഷ്ണുജിത്തിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും അവനെ കൂടുതൽ സമ്മർദ്ദത്തിലാക്കരുതെന്നും പിതാവ് ശശിധരൻ പറഞ്ഞു.
വിവാഹാവശ്യത്തിനായി കുറച്ചു പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ചു വരാമെന്നും പറഞ്ഞാണ് കഴിഞ്ഞ നാലിന് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് ഒരു ഐസ്ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് എട്ടു വർഷമായി പ്രണയിക്കുന്ന മഞ്ചേരി സ്വദേശിനിയുമായി വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
Source link