ആർ.എസ്.എസ്- എ.ഡി.ജി.പി കൂടിക്കാഴ്ച ‘മുഖ്യ’ ബന്ധുവിനൊപ്പം വിവാദ വ്യവസായിയും, 3 വഞ്ചനാക്കേസുകളിലെ പ്രതി
തിരുവനന്തപുരം: ആർ.എസ്.എസ് ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾ മൂന്ന് ഗുരുതര വഞ്ചനാക്കേസുകളിലെ പ്രതിയായ വിവാദ വ്യവസായി! മുഖ്യമന്ത്രിയുടെ ’ഉറ്റബന്ധു’വും തലസ്ഥാനത്തെ ആർ.എസ്.എസ് നേതാവുമാണ് മറ്റു രണ്ടുപേർ. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ’ഉറ്റബന്ധു’ ഉണ്ടായിരുന്നുവെന്ന വിവരം ഇന്നലെ ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു.
ചെന്നൈയിൽ ധനകാര്യ ബിസിനസ് നടത്തുന്ന വിവാദ വ്യവസായിക്ക് കണ്ണൂരിലും തിരുവനന്തപുരത്തുമായി മൂന്ന് ബാർ ഹോട്ടലുകളുണ്ട്. ദുബായിലും വൻകിട ബിസിനസുകളുണ്ട്. ഇതിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് സജീവമായിരിക്കെയാണ് ആർ.എസ്.എസ് നേതാവിനെ കണ്ടത്.
അടുത്തിടെ തലസ്ഥാനത്ത് അനുവദിച്ച ആറു ബാറുകളിൽ രണ്ടെണ്ണം ഇദ്ദേഹത്തിനാണ് കിട്ടിയത്. നേരത്തേ തമിഴ്നാട്ടിലും ബാർ ഹോട്ടലുകളുണ്ടായിരുന്നു. തലശേരി ടൗണിനടുത്ത് ഫോർസ്റ്റാർ ഹോട്ടലുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിലും വൻനിക്ഷേപമുണ്ട്. ചില വിവാദ ഇടപാടുകൾക്ക് പണം മുടക്കിയത് ഇദ്ദേഹമാണെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം. അതേസമയം, ഇയാളെ തനിക്ക് പരിചയമില്ലെന്നാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്ന തലസ്ഥാനത്തെ ആർ.എസ്.എസ് നേതാവ് ഇന്റലിജൻസിനെ അറിയിച്ചത്.
നിലവിൽ വിവര
ശേഖരണം മാത്രം
1.ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് പി.വി.അൻവർ മൊഴി നൽകിയാൽ മാത്രം വിശദമായി അന്വേഷിക്കാനാണ് മുഖ്യമന്ത്രി ഡി.ജി.പിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം
2.നിലവിൽ വിവരശേഖരണം മാത്രമാണ് നടക്കുന്നത്. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബും ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമും മുഖ്യമന്ത്രിയെകണ്ട് ദുരൂഹ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്
‘മുഖ്യ’ബന്ധു ഇടനിലക്കാരൻ
മുഖ്യമന്ത്രിയുടെ ’ഉറ്റബന്ധു’ വൻകിട ഇടപാടുകളിലെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നയാളാണെന്നും തലസ്ഥാനത്തുള്ളപ്പോഴെല്ലാം ക്ലിഫ് ഹൗസിൽ താമസിക്കാറുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു
വിവാദ വ്യവസായി പണംമുടക്കിയ ചാനലിലും പ്രവർത്തിക്കുന്നു. ഒരു വൻകിട ഇടപാട് ചർച്ച ചെയ്യാനാണ് എ.ഡി.ജി.പിയുമൊത്ത് ആർ.എസ്.എസ് നേതാവിനെ കണ്ടെതെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം
Source link