പ്രചാരണം അവജ്ഞയോടെ തള്ളുന്നു, ആർ.എസ്.എസ് ബന്ധം എന്നും കോൺഗ്രസിനെന്ന് പിണറായി
തിരുവനന്തപുരം: സി.പി.എമ്മിനും സർക്കാരിനും ആർ.എസ്.എസ് ബന്ധമെന്ന പ്രചാരണം അവജ്ഞയോടെ തള്ളുന്നെന്ന് മുഖമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റേതുൾപ്പെടെ ആരോപണത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഒടുവിൽ ഉദാഹരണ സഹിതം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. അതേസമയം, എ.ഡി.ജി.പി അജിത്കുമാറിന്റെ വിവാദ ആർ.എസ്.എസ് കൂടിക്കാഴ്ച പരാമർശിച്ചതുമില്ല.
കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടമുണ്ടായിട്ടില്ല. എന്നും അവരെ പ്രതിരോധിച്ചത് സി.പി.എമ്മാണ്. കോൺഗ്രസിന് അതിൽ പങ്കില്ല. തലശ്ശേരി കലാപകാലത്ത് ന്യൂനപക്ഷക്കാരുടെ ആരാധനാലയങ്ങളെ ആർ.എസ്.എസ് അക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ കാവൽ നിന്നത് കമ്മ്യൂണിസ്റ്റുകാരാണ്. കലാപത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടു. എന്നാൽ സി.പി.എമ്മിന് നഷ്ടമായത് ജീവനാണ്. വി.കെ.കുഞ്ഞിരാമന്റെ ജീവൻ. അത് സംഘപരിവാറുകാരെ തടയാൻ നിന്നതു കൊണ്ടാണ്.
ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ്. ഗോൾവാൾക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് മുമ്പിൽ വിളക്കുകൊളുത്തി തലകുമ്പിട്ട് നിന്നതാരെന്ന് ഓർക്കണം. പി.പരമേശ്വരന്റെ പുസ്തകപ്രകാശനം നടത്തിയത് ആരാണെന്നും ഓർക്കണം.
രാമക്ഷേത്ര ശിലാന്യാസം നടക്കുമ്പോൾ രാമനെ വാഴ്ത്തിയത് രാഹുലും ഭൂമിപൂജ ദേശീയ ഐക്യത്തിനെന്ന് പറഞ്ഞത് പ്രിയങ്കയുമായിരുന്നു. ക്ഷേത്രത്തിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയച്ചു. മദ്ധ്യപ്രദേശിലാകെ ഹനുമാൻ ചാലിസ സംഘടിപ്പിച്ചത് കമൽനാഥാണ്. പ്രതിഷ്ഠാ ചടങ്ങിന് കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ കോൺഗ്രസ് സർക്കാർ ഉത്തരവിറക്കി. ഹിമാചലിൽ പൊതുഅവധി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ബി.ജെ.പി അംഗം എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കെ.സി. വേണുഗോപാൽ രാജിവച്ചതു കൊണ്ടാണ്. സി.പി.എമ്മിന് ഇങ്ങനെയുള്ള കെട്ട ചരിത്രമില്ല. ആർ.എസ്.എസിനേടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ വെള്ളം ചേർക്കില്ല.
തിര. ധാരണ,
കൂട്ടക്കൊല
രാജീവ് ഗാന്ധി 1984ൽ ആർ.എസ്.എസ് സർസംഘ ചാലക് മധുകർ ദത്താത്രേയ ദേവ്റസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ശേഷം വി.ആർ.എസെടുത്ത അന്നത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോളെ രാജീവ് ഗാന്ധിയെ രണ്ടാം കർസേവകനെന്നും നരസിംഹറാവുവിനെ നാലാം കർസേവകനെന്നുമാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചത്. 1987ൽ യു.പിയിലെ ഹാഷിംപൂരിൽ കോൺഗ്രസ് സർക്കാരാണ് സംഘപരിവാർ ആഗ്രഹിച്ച കൂട്ടക്കൊല നടത്തിയത്. 42 മുസ്ളിം ചെറുപ്പക്കാരെയാണ് അന്ന് യു.പി പൊലീസ് ഇല്ലാതാക്കിയതെന്നും പിണറായി പറഞ്ഞു.
Source link