ന്യൂയോർക്ക്: അമേരിക്കയെയും ലോകത്തെയും നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വയസ്. 2001 സെപ്റ്റംബർ 11ന് അമേരിക്കയ്ക്കെതിരേ അൽക്വയ്ദ ഭീകരർ നടത്തിയ നാല് ഏകോപിത ഭീകരാക്രമണങ്ങളാണ് 9/11 എന്നറിയപ്പെടുന്നത്. 19 ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചിയായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയത്. റാഞ്ചിയ രണ്ടു വിമാനങ്ങളുമായി ഭീകരർ അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലുള്ള ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളിലേക്ക് ഇടിച്ചുകയറ്റി നിശേഷം തകർത്തു. ഇതേസമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് പെൻസിൽവനിയയിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നുവീണു. സംഭവത്തിനു പിന്നാലെ ആഗോള ഭീകരതയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക ഭീകരരുടെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും താവളങ്ങൾ തകർത്തു. അൽക്വയ്ദ ഭീകരസംഘടനയെ ഏറെക്കുറെ തകർത്ത അമേരിക്ക അതിന്റെ തലവൻ ഒസാമ ബിൻ ലാദനെയും മിക്ക നേതാക്കളെയും പിന്നീട് വകവരുത്തി. ഭീകരതയുടെ പുതിയ രൂപമായി വന്ന ഐഎസിനെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഇല്ലാതാക്കി. ഇന്നും ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടാണ് അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചുവരുന്നത്.
9/11 ഭീകരാക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെക്കുറിച്ച് ഇന്നും അവ്യക്തതയുണ്ട്. ഏതായാലും ആകെ 2985 പേർ (വിമാനയാത്രക്കാർ 265, ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേർ, ഇതിൽ 343 പേർ അഗ്നിരക്ഷാ സേനാംഗങ്ങളാണ്, പെന്റഗണിലെ 125 പേർ) കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്കുപുറമേ, ലോകവ്യാപാരകേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങൾക്കുകൂടി കേടുപാടുകൾ പറ്റിയിരുന്നു. ഇതുകൂടാതെ, മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാലു ഭൂഗർഭ സ്റ്റേഷനുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു. പെന്റഗൺ ആസ്ഥാനമന്ദിരത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങൾ ദയനീയമായിരുന്നു. ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി. തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്. എന്നാൽ മിക്കവരും മുകളിലത്തെ നിലയിൽ കുടുങ്ങി. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ താഴേക്കു ചാടി. ഇരുനൂറോളം പേർ ഇങ്ങനെ താഴേക്കു ചാടി മരിച്ചു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടുപ്രകാരം ലോകവ്യാപാര കേന്ദ്രത്തിൽനിന്നു കണ്ടെടുത്ത 1600 മൃതദേഹാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളൂ. 1100 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല.
Source link