തിരുവനന്തപുരം:മെഡിസെപ് പദ്ധതി സർക്കാരിന് ഏറ്റെടുത്ത് സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പിലൂടെ നടത്താനാകില്ലെന്നും ഇൻഷ്വറൻസ് കമ്പനികളുടെ സഹായത്തോടെ മാത്രമേ തുടരാനാവൂ എന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
മെഡിസെപ് തുടരുന്നത് ആലോചിക്കാൻ ചേർന്ന സർവ്വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. അതിനുള്ള സംവിധാനമോ, അടിസ്ഥാന സൗകര്യങ്ങളോ വകുപ്പിനില്ല. മെഡിസെപ് അടിച്ചേൽപിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മെഡിസെപ്പ് തുടരണമെന്ന് ഭൂരിപക്ഷം സംഘടനകളും ആവശ്യപ്പെട്ടു. പദ്ധതി കൊണ്ട് നേട്ടങ്ങളുണ്ടെന്ന് ഭരണ സംഘടനകളും പരാതികൾ പരിഹരിച്ച് പദ്ധതി തുടരണമെന്ന് പ്രതിപക്ഷ സംഘടനകളും അഭിപ്രായപ്പെട്ടു.
സർക്കാർ വിഹിതമില്ലാതെയും, പ്രമുഖ ആശുപത്രികളെ ഒഴിവാക്കിയുമുള്ള മെഡിസെപ്പ് തുടരേണ്ടതില്ലെന്നും സർക്കാരിന്റെ 75% വിഹിതം ഉൾപ്പെടുത്തി നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതിയിൽ നിന്ന് സർക്കാർ മാറി നിൽക്കുന്നുവെന്ന തോന്നലുണ്ടെന്ന് ജോയിന്റ് കൗൺസിൽ വാദിച്ചു. മെഡിസെപ്പിന്റെ പരാജയ കാരണം സർക്കാരിന്റെ പിടിപ്പ് കേടാണെന്നും, ജീവനക്കാർ നൽകുന്ന വിഹിതം സർക്കാർ നൽകിയാൽ മെഡിസെപ് കാര്യക്ഷമമാകുമെന്നും ഫെറ്റോ പറഞ്ഞു. പദ്ധതി നടത്തിപ്പിൽ വൻ പോരായ്മകളുണ്ടെന്ന് ഭൂരിപക്ഷം സംഘടനകളും ചൂണ്ടിക്കാട്ടി.
എഫ് എസ് ഇ റ്റി ഒ സെക്രട്ടറി അജിത് കുമാർ ,സെറ്റോ ജനറൽ കൺവീനർ അബ്ദുൾ മജീദ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ, ഫെറ്റോ ചെയർമാൻ ജയകുമാർ എസ്. കെ, സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം എസ്, എ പി സുനിൽ, കെ സി സുബ്രഹ്മണ്യൻ, സദാശിവൻ നായർ, കെ ആർ കുറുപ്പ്,എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് ഗോപകുമാർ, എൻ.ജി.ഒ.സംഘ് സംസ്ഥാന സെക്രട്ടറി വിനോദ് കുമാർ, സെക്രട്ടറിയേറ്റ് സംഘ് ജനറൽ സെക്രട്ടറി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link