മാനഭംഗക്കേസ്; താരിഖ് റമദാന് ശിക്ഷ
ജനീവ: മുസ്ലിം ബ്രദർഹുഡ് സ്ഥാപകൻ ഹസൻ അൽ ബന്നയുടെ കൊച്ചുമകനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ താരിഖ് റമദാൻ ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് സ്വിസ് കോടതി വിധിച്ചു. 2023ൽ ഇദ്ദേഹത്തെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതി ഓഗസ്റ്റിൽ വിധി പുറപ്പെടുവിച്ചതെന്ന് സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു വർഷത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും രണ്ടുവർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഓക്സ്ഫഡിലെ സെന്റ് ആന്റണീസ് കോളജിൽ ഇസ്ലാമിക് സ്റ്റഡീസ് പ്രഫസറായിരുന്ന താരിഖ് റമദാൻ യാഥാസ്ഥിതിക നിലപാടുകളെ ചോദ്യംചെയ്യുകയും മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
2017ൽ ഒരു ഫ്രഞ്ച് വനിത അദ്ദേഹത്തിനെതിരേ പീഡനാരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെ വേറെയും സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തുവന്നു. ഇതിലൊരാൾ താരിഖ് റമദാൻ തന്നെ 2008ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഹോട്ടൽമുറിയിൽ പീഡിപ്പിച്ചുവെന്നു പറഞ്ഞു. ഈ കേസിലാണ് ഇപ്പോഴത്തെ വിധി. ബലാത്സംഗവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകൾ ഫ്രാൻസിലും റമദാൻ നേരിടുന്നുണ്ട്.
Source link