സാഫ് ജൂണിയർ അത്ലറ്റിക്സ് ഇന്നു മുതൽ
ചെന്നൈ: 2024 സാഫ് (സൗത്ത് ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷൻ) ജൂണിയർ ചാന്പ്യൻഷിപ് ഇന്നു മുതൽ ചെന്നൈയിൽ. ഇന്ത്യയുടെ ഭാവിതാരങ്ങളുടെ സീനിയർ തലത്തിലേക്കുള്ള അവസാന കടന്പയാണ് ജൂണിയർ മീറ്റ്. അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ സാഫ് ജൂണിയർ പോരാട്ടത്തിന് ഇറങ്ങുന്നത്. പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾചേസ് താരം ഷാരൂഖ് ഖാൻ, ഹ്രസ്വദൂര ഓട്ടക്കാരൻ ജയ് കുമാർ, വനിതാ ഹൈജംപർ പൂജ അടക്കമുള്ളവർ ഇന്ത്യയുടെ 62 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. 13 വരെയാണ് ചാന്പ്യൻഷിപ്പ്. പെറുവിലെ ലിമയിൽ സമാപിച്ച അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസ് റിക്കാർഡ് ഷാരൂഖ് രണ്ടു തവണ മെച്ചപ്പെടുത്തിയിരുന്നു. ലിമയിൽവച്ച് പൂജയും ദേശീയ റിക്കാർഡ് മെച്ചപ്പെടുത്തി. 1.83 മീറ്ററായിരുന്നു പൂജ അണ്ടർ 20 ലോക ചാന്പ്യൻഷിപ്പിൽ ക്ലിയർ ചെയ്തത്.
പാക്കിസ്ഥാൻ എത്തി സാഫ് ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള പാക്കിസ്ഥാൻ സംഘം ഇന്നലെ ചെന്നൈയിൽ എത്തി. വാഗ വഴി 12 അംഗ പാക് താരങ്ങളും പ്രതിനിധികളും ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ശനിയാഴ്ചയായിരുന്നു പാക് താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വീസ അനുവദിച്ചത്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മാലിദീപ്, ഭൂട്ടാൻ ടീമുകൾ നേരത്തേതന്നെ ചെന്നൈയിൽ എത്തിയിരുന്നു. 54 താരങ്ങളുമായി എത്തിയ ശ്രീലങ്കയാണ് അംഗബലത്തിൽ ഇന്ത്യക്കു പിന്നിൽ രണ്ടാമത്.
Source link