കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽദേവിനെ ‘വിർച്വൽ അറസ്റ്റ്” ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം ബാങ്ക് മാനേജരും പൊലീസും ചേർന്ന് തകർത്തു. കഴിഞ്ഞയാഴ്ചയാണ് സംഭവം. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച സംഘം 2.7 ലക്ഷം രൂപ കൈക്കലാക്കാനാണ് ശ്രമിച്ചത്.
അക്കൗണ്ടിലുള്ള 2.7 ലക്ഷം രൂപ ഉടൻ മറ്റൊരു കറന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെറി അമൽദേവിന് സന്ദേശം എത്തിയത് മുതൽ ഫെഡറൽ ബാങ്കിന്റെ പച്ചാളം ബ്രാഞ്ച് ഓഫീസ് നാടകീയ സംഭവങ്ങൾക്ക് വേദിയായി. ഹെഡ്‌ഫോണിലൂടെ തട്ടിപ്പുകാരുമായി സംസാരിച്ചുകൊണ്ടാണ് ജെറി അമൽദേവ് ബ്രാഞ്ച് ഓഫീസിൽ എത്തിയത്. പെരുമാറ്റത്തിൽ ബാങ്ക് മാനേജർ എസ്. സജിന മോൾക്ക് പന്തികേട് തോന്നി. ഫോൺ കട്ട് ചെയ്തിട്ട് തുടർ നടപടിയിലേക്ക് കടക്കാമെന്ന് അറിയിച്ചപ്പോൾ പറ്റില്ലെന്നായി ജെറി അമൽദേവ്. തുടർന്ന് ഇത് തട്ടിപ്പായിരിക്കുമെന്ന് പേപ്പറിൽ എഴുതിക്കാണിച്ചു.
പണം കൈമാറണമെന്നതിൽ ജെറി ഉറച്ചുനിന്നു. തട്ടിപ്പുകാർ പറഞ്ഞുകൊടുത്ത അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ മാനേജർ ഞെട്ടി. ഡൽഹിയിലെ മുഖ്യാനഗർ എസ്.ബി.ഐ ബ്രാഞ്ചിലെ ജനതാസേവാ എന്ന അക്കൗണ്ടായിരുന്നു അത്. തുടർന്ന് സജിന സുഹൃത്തായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അനൂപ് ചാക്കോയെ വിവരം അറിയിച്ചു. വിവരം കേട്ടപ്പോൾ തന്നെ എസ്.ഐക്ക് അപകടം മണത്തു.
ജെറി അമൽദേവുമായി സംസാരിച്ച എസ്.ഐ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരിക്കലും വീഡിയോ കോളിലോ വാട്‌സ്ആപ്പ് കോളിലോ വിളിച്ച് അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞു മനസിലാക്കി തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
വ്യാപക തട്ടിപ്പ്
കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ പണംതട്ടൽ വ്യാപകമാണ്. കൊച്ചിയിൽ അടുത്തിടെ നാല് കേസുകളിൽ നിന്ന് മാത്രമായി 15കോടിയിലധികം രൂപയാണ് തട്ടിയത്. കഴിഞ്ഞദിവസം 71കാരന്റെ 70 ലക്ഷം രൂപ നഷ്ടമായി.
സംഭവശേഷം ജെറി അമൽദേവിനെ വീട്ടിൽ പോയി കണ്ടിരുന്നു. തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. നന്ദി അറിയിക്കുകയും ചെയ്തു.
– സജിനമോൾ
Source link