മാർപാപ്പ അർപ്പിച്ച കുർബാനയ്ക്ക് ആറു ലക്ഷം പേർ
ദിലി: ഫ്രാൻസിസ് മാർപാപ്പ കിഴക്കൻ തിമോറിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് ആറു ലക്ഷം പേർ. 13.4 ലക്ഷം വരുന്ന രാജ്യ ജനസംഖ്യയുടെ പകുതിയോളം വരുമിത്. തീരപ്രദേശമായ ടാസിടൊളുവിലെ തുറന്ന വേദിയിലായിരുന്നു കുർബാനയർപ്പണം. കുട്ടികളെപ്പോലെ ചെറുതാകാൻ പഠിക്കണമെന്ന സന്ദേശമാണ് മാർപാപ്പ നല്കിയത്. കുർബാനയ്ക്കു ധാരാളം കുട്ടികൾ എത്തിയതിൽ മാർപാപ്പ ആശ്ചര്യം പ്രകടിപ്പിച്ചു. കിഴക്കൻ തിമോറിനു ചെറുപ്പമാണ്. രാജ്യത്തിന്റെ ഏതു കോണിലും ജീവൻ നിറഞ്ഞിരിക്കുന്നു. തന്നത്താൻ ചെറുതാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠമാണ് ഓരോ കുട്ടിയുടെ ജനനവും നല്കുന്നത്. ദൈവത്തിന്റെ മുന്നിലും പരസ്പരവും ചെറുതാകുന്നതിൽ ഭയക്കരുത്-മാർപാപ്പ പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയണമെന്നു മാർപാപ്പ നിർദേശിച്ചു.
ഒട്ടേറെ കുട്ടികളുടെയും യുവാക്കളുടെയും അന്തസ് ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറക്കരുത്. കുട്ടികൾ ആരോഗ്യപരമായ അന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പയുടെ 45-ാം അപ്പസ്തോലിക പര്യടനത്തിൽ ഉൾപ്പെട്ട നാലു രാജ്യങ്ങളിൽ കത്തോലിക്കാ ഭൂരിപക്ഷമുള്ളതു കിഴക്കൻ തിമോറിൽ മാത്രമാണ്. ഇന്നലെ രാവിലെ മാർപാപ്പ കിഴക്കൻ തിമോറിലെ മെത്രാന്മാരും വൈദികരുമായും കൂടിക്കാഴ്ച നടത്തി. പര്യടനത്തിന്റെ അവസാന ഘട്ടമായി ഇന്ന് സിംഗപ്പൂരിലെത്തും. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ രാജ്യങ്ങൾ അദ്ദേഹം നേരത്തേ സന്ദർശിച്ചു.
Source link