സംസ്ഥാനാന്തര ആന കൈമാറ്റത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ആനകളുടെ കൈമാറ്റത്തിന് സംസ്ഥാന സർക്കാരോ മുഖ്യ വനപാലകനോ അനുമതി നൽകരുതെന്ന് കോടതി നിർദ്ദേശിച്ചു. കേരളത്തിൽ നിലവിലുള്ള നാട്ടാനകളുടെ സ്ഥിതി പരിതാപകരമാണെന്നും പരിപാലനം മോശമായതിനാൽ ആറു വർഷത്തിനിടെ 154 ആനകൾക്ക് ജീവൻ നഷ്ടമായെന്നും വിലയിരുത്തിയാണ് കോടതിയുടെ നടപടി.
ആനകളുടെ ഇത്തരം കൈമാറ്റത്തിനെതിരെ തൃശൂരിലെ വാക്കിംഗ് ഐ ഫൗണ്ടേഷൻ ഒഫ് അനിമൽ അഡ്വക്കസി നൽകിയ ഹർജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളുടെ കൈമാറ്റം സുഗമമാക്കി ഈ വർഷം കേന്ദ്രസർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ദ്രോഹനടപടികളും മോശപ്പെട്ട പരിപാലനവും കൊണ്ട് ചരിഞ്ഞ ആനകളുടെ വർഷം തിരിച്ചുള്ള കണക്കും ഇടക്കാല ഉത്തരവിലുണ്ട്.
ചരിഞ്ഞ ആനകളുടെ എണ്ണം
2018- 34
2019- 19
2020- 22
2021- 24
2022- 19
2023- 21
2024(ഇതുവരെ)- 15.
Source link