‘കാഫിർ’ കേസ് അന്വേഷണം വൈകരുത്:ഹൈക്കോടതി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ മതസൗഹാർദ്ദം തകർക്കുന്നവിധം സമൂഹമാദ്ധ്യമങ്ങളിലൂടെ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ അന്വേഷണം അകാരണമായി വൈകിക്കരുതെന്ന് ഹൈക്കോടതി. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഉറവിടം കണ്ടെത്താനുള്ള സർവശ്രമങ്ങളും തുടരുമെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് തുടർനടപടികൾ അവസാനിപ്പിച്ചത്. ഉറവിടം കണ്ടെത്താൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ”യെ പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
കാഫിർ സ്‌ക്രീൻഷോട്ട് സൃഷ്ടിച്ചതിൽ ഹർജിക്കാരന് പങ്കില്ലെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വിശദീകരിച്ചു.
അന്വേഷണത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. രണ്ട് കേസുകളുടെയും കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.
മതസ്പർദ്ധ വളർത്തൽ
കുറ്റം പരിഗണിക്കണം
കേസിലെ രണ്ടാമത്തെ എഫ്.ഐ.ആറിൽ മതസ്പർദ്ധ വളർത്തിയതിനുള്ള വകുപ്പ് കൂട്ടിച്ചേർക്കണമെന്ന ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾ ചേർത്തതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
Source link