CINEMA

ഈ സിനിമാ സെറ്റിൽ ‘ഹാജർ’ നിർബന്ധം; ബയോമെട്രിക് സംവിധാനവുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഈ സിനിമാ സെറ്റിൽ ‘ഹാജർ’ നിർബന്ധം; ബയോമെട്രിക് സംവിധാനവുമായി ഫ്രൈഡേ ഫിലിം ഹൗസ് | Biometric Padakkalam Set

ഈ സിനിമാ സെറ്റിൽ ‘ഹാജർ’ നിർബന്ധം; ബയോമെട്രിക് സംവിധാനവുമായി ഫ്രൈഡേ ഫിലിം ഹൗസ്

സീന ആന്റണി

Published: September 10 , 2024 02:10 PM IST

Updated: September 10, 2024 02:37 PM IST

2 minute Read

സിനിമാ സെറ്റിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ന് ചിത്രീകരണം ആരംഭിച്ച ‘പടക്കളം’ എന്ന സിനിമയുടെ സെറ്റിലാണ് സംവിധാനം നടപ്പിലാക്കിയത്. മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സെറ്റിൽ ഏർപ്പെടുത്തുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു.ജി.സുശീലന്റെ ആശയമാണ് ഈ പുതിയ പരിഷ്കാരത്തിനു പിന്നിൽ. സെറ്റിലെ ബയോമെട്രിക് സംവിധാനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മനോരമ ഓൺലൈനോട് ഷിബു.ജി.സുശീലൻ‌ സംസാരിക്കുന്നു. 
പോർട്ടബിൾ സംവിധാനം

സിനിമാ സെറ്റിൽ ജോലി ചെയ്യുന്ന അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ബാധകമാകുന്ന ബയോമെട്രിക് ഹാജർ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. സംവിധായകൻ, അസിസ്റ്റന്റ്സ്, പ്രൊഡക്ഷൻ ബോയ്സ് തുടങ്ങി എല്ലാവരും ബയോമെട്രിക് വഴി ഹാജർ രേഖപ്പെടുത്തണം. സാധാരണ ഒരു ഓഫിസ് സംവിധാനത്തിലുള്ളതു പോലെ സിനിമാ സെറ്റിലും ഏർപ്പെടുത്തി. രാവിലെ വരുമ്പോൾ പഞ്ച് ഇൻ ചെയ്യണം. തിരിച്ചു പോകുമ്പോൾ പഞ്ച് ഔട്ട് ചെയ്യണം. ഒരാൾ വന്നില്ലെങ്കിൽ അറിയാൻ പറ്റും. അല്ലാതെ, തലയെണ്ണി നോക്കാൻ ബുദ്ധിമുട്ടാകും. ഇതിലൂടെ ഒരു സെറ്റിൽ എത്ര പേർ ജോലിയെടുക്കുന്നുണ്ട് എന്ന് നിർമാതാവിന് കൃത്യമായി അറിയാൻ കഴിയും. എവിടെയിരുന്നായാലും ഇക്കാര്യങ്ങൾ കൃത്യമായി പരിശോധിക്കാനും പറ്റും. വേറെ ഒരു സ്ഥലത്ത് സെറ്റ് വർക്ക് നടക്കുന്നുണ്ടെങ്കിൽ അവിടേക്കും ഈ ബയോമെട്രിക് സംവിധാനം കൊണ്ടു പോയി ഹാജർ രേഖപ്പെടുത്താം. ഇതൊരു പോർട്ടബിൾ സംവിധാനം ആണ്. 

ഒരാൾ എത്ര മണിക്കൂർ ജോലി ചെയ്യുന്നുണ്ട്, എപ്പോൾ വന്നു, എപ്പോൾ പോയി തുടങ്ങിയ കാര്യങ്ങളിൽ കൃത്യത ഉണ്ടാകും. ഇപ്പോൾ അങ്ങനെയൊരു സംവിധാനം ഇല്ല. ഒരാൾ സെറ്റിൽ വന്നു, ജോലി ചെയ്തു പോയി എന്നത് കൃത്യമായി രേഖപ്പെടുത്തുന്നില്ല. ഒരാൾ വന്ന്, ഉച്ചയ്ക്ക് പോയാൽ സെറ്റിൽ പെട്ടെന്ന് അറിയണെന്നില്ല. മുഴുവൻ ദിവസത്തെ ബാറ്റ അവർക്ക് കൊടുക്കുന്നുണ്ടാകും. 

മനസിൽ തോന്നിയ ആശയം
എന്റെ മനസിൽ തോന്നിയ ആശയമാണിത്. കാവ്യാ ഫിലിംസിന്റെ രേഖാചിത്രം എന്ന സിനിമയുടെ വർക്ക് നടക്കുന്ന സമയത്ത് അതിന്റെ ലൈൻ പ്രൊഡ്യൂസർ ഗോപകുമാറിനോട് ഞാൻ ഈ ഒരു ആശയത്തെക്കുറിച്ച് പറഞ്ഞിരുന്നു. അടുത്ത സിനിമയിൽ കൊണ്ടു വരാം എന്നു സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് ഫ്രൈഡെ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിന്റെ വർക്ക് വന്നത്. അവരുടെ എല്ലാ ചിത്രങ്ങളുടെയും പ്രൊഡക്‌‌ഷൻ കൺട്രോളർ ഞാനായിരുന്നു. ഇത് ഫ്രൈഡേ ഫിലിം ഹൗസിന്റെ 22–ാമത്തെ ചിത്രമാണ്. ഇക്കാര്യം ഞാൻ വിജയ് ബാബുവിനോടും അദ്ദേഹത്തിന്റെ അനിയൻ വിനയ് ബാബുവിനോടും പറഞ്ഞപ്പോൾ അവർക്കും താൽപര്യമായി. അങ്ങനെയാണ് പടക്കളം എന്ന സിനിമയുടെ ലൊക്കേഷനിൽ ഇത് നടപ്പിലാക്കിയത്. 

ഇതൊരു നല്ല തുടക്കം
ബി.ഉണ്ണികൃഷ്ണൻ ചേട്ടന്റെ അടുത്തും ഈ കാര്യം ഞാൻ പറഞ്ഞിരുന്നു. ഫെഫ്കയിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും കാര്യം അവതരിപ്പിച്ചു. സുതാര്യത ഉറപ്പു വരുത്തുന്ന ഈ സംവിധാനം നല്ലതാണെന്നാണ് എല്ലാവരും പ്രതികരിച്ചത്. സ്ഥിരമുള്ള ജൂനിയർ ആർടിസ്റ്റുകളെയും ഇതിൽ ഉൾപ്പെടുത്തും. കാഞ്ഞിരപ്പിള്ളിയിലെ അമൽ‌ ജ്യോതി എൻജിനീയറിങ് കോളജിലാണ് ഞങ്ങളുടെ ഷൂട്ട്. ഇവിടെ 40 ദിവസം ഷൂട്ടിങ് ഉണ്ട്. സ്ഥിരം ജൂനിയർ ആർടിസ്റ്റുകളുണ്ട്. അവരെ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സിനിമയിൽ സുതാര്യത കൊണ്ടു വരുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഒരു സെറ്റിൽ ഒരാൾ ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ഇതിലൂടെ അറിയാൻ കഴിയും. പിന്നീട് വല്ല കേസോ മറ്റോ വന്നാലും കാര്യങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയും. നല്ലൊരു കാര്യത്തിന്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. 

‘പടക്കളം’ സിനിമയുടെ പൂജ ചടങ്ങിൽനിന്നും

അധിക ചെലവ് ഇല്ല
എല്ലാ ലൊക്കേഷനിലും നടപ്പിലാക്കിയാൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം. 7500 രൂപ മുതൽ 15000 രൂപ വരെയാണ് ഇതിനു ചെലവ് വരുന്നത്. നമ്മുടെ ലൊക്കേഷനിൽ എത്രയോ അനാവശ്യ ചിലവുകളുണ്ട്. ബയോമെട്രികിന് വരുന്ന ചെലവ് ഒരു മുതൽക്കൂട്ടാണ്. സെറ്റിൽ വരാത്ത ആളുകൾക്ക് വെറുതെ ബാറ്റ കൊടുക്കുന്ന രീതിയൊക്കെ അവസാനിപ്പിക്കാൻ പറ്റും. അങ്ങനെ ഒരുപാടു പണം ലാഭിക്കാൻ കഴിയും. ലൊക്കേഷനിൽ ജോലി ചെയ്യുന്നവർ ആരൊക്കെയാണ് എന്ന കാര്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാൻ കഴിയും. 

English Summary:
Malayalam Cinema Goes High-Tech: Biometric System Debuts on ‘Padakkalam’ Set

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews seena-antony 3ba27rqkfn20snttkj33oue1ls f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vijaybabu


Source link

Related Articles

Back to top button