KERALAMLATEST NEWS

വിഷ്‌ണുജിത്തിന്റെ ഫോണിലേക്ക് സഹോദരി വിളിച്ചു; ഫോണെടുത്തെങ്കിലും സംസാരിച്ചില്ല

മലപ്പുറം: വിവാഹത്തിന് മുമ്പ് കാണാതായ പള്ളിപ്പുറം കുറുന്തല വീട്ടിൽ വിഷ്ണുജിത്തിനായി (30) അന്വേഷണം തുടരുന്നു. വിഷ്ണു മേട്ടുപാളയം വഴി പോയതായി സൂചനയുണ്ട്. ഇന്നലെ വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിരുന്നു. ഊട്ടി കുനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സഹോദരി വിളിച്ചപ്പോൾ വിഷ്ണുവിന്റെ ഫോൺ റിംഗ് ചെയ്തിരുന്നു. എന്നാൽ ഫോണെടുത്തെങ്കിലും മറുവശത്തുള്ളയാൾ സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. എട്ട് വർഷമായി പ്രണയിക്കുന്ന യുവതിയുമായി ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് നാല് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

ബുധനാഴ്ച രാത്രി 7.45ന് പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂർ ബസിൽ കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മലപ്പുറം, വാളയാർ, കസബ പൊലീസ് സംയുക്തമായാണ് കേസ് അന്വേഷണം നടത്തുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിരുന്നു.

നിലവിൽ അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വിഷ്ണുജിത്ത് സ്വയം മാറിനിന്നതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കഞ്ചിക്കോട്ടെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുകയും യുവാവിന്റെ കൈവശം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.


Source link

Related Articles

Back to top button