തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് കാലമായി കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ടെസ്റ്റ് നടത്തിപ്പിലും, പാസായവര്‍ക്ക് ലൈസന്‍സ് അച്ചടിച്ച് കിട്ടുന്നതിലെ കാലതാമസത്തിലുമാണ് പ്രതിസന്ധികള്‍. കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചാലുണ്ടാകുന്ന കാലതാമസം, ഇനി ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് എപ്പോള്‍ കയ്യില്‍ കിട്ടുമെന്ന് അറിയാത്ത സ്ഥിതിയാണ് കേരളത്തില്‍.
ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചാല്‍ ഗ്രൗണ്ട് ടെസ്റ്റിന് തീയതി ലഭിക്കാന്‍ ശരാശരി നാല് മാസമെങ്കിലും കാത്തിരിക്കണം എന്നതാണ് അവസ്ഥ. ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ചാല്‍ സമയം ലഭിക്കാന്‍ ഒരു മാസം വേണം. ലേണേ്‌ഴ്‌സ് പാസായ ശേഷം വീണ്ടും ടെസ്റ്റിന് അപേക്ഷിക്കാന്‍ ഒരു മാസം കാത്തിരിക്കണം. ഇനി അപേക്ഷിച്ചാല്‍ ഗ്രൗണ്ട് ടെസ്റ്റ് തീയതി രണ്ട് മാസത്തിന് ശേഷമാണ് ലഭിക്കുക. ടെസ്റ്റ് പാസായി റോഡ് ടെസ്റ്റും കഴിഞ്ഞാല്‍ ലൈസന്‍സ് കിട്ടുന്നതിനാണ് പിന്നെയുള്ള കാത്തിരിപ്പ്. എന്നാല്‍ ഇതിന് എത്ര കാലമെടുക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല.
വിദേശത്ത് ജോലിക്ക് പോകുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ക്കായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കാണ് കേരളത്തിലെ ഈ കാലതാമസം കാരണം പണി കിട്ടുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ആയതോടെ പലരും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയേയും തമിഴ്‌നാടിനേയും ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കേരളത്തെ അപേക്ഷിച്ച് വേഗത്തില്‍ ലൈസന്‍സ് കിട്ടുമെന്ന് മാത്രമല്ല ടെസ്റ്റ് നിബന്ധനകള്‍ കര്‍ശനമല്ലെന്നതും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ഗുണമാണ്.
ഈ വര്‍ഷം മേയ് മാസം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വന്നതുമുതല്‍ ലൈസന്‍സ് ലഭിക്കാന്‍ വലിയ കാലതാമസമാണ്. ഒരു ഓഫീസില്‍ പ്രതിദിനം 40 ടെസ്റ്റുകള്‍ എന്ന രീതിയില്‍ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ടെസ്റ്റ് നടത്താന്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ള ഓഫീസുകളില്‍ 80 ടെസ്റ്റ് നടത്താം. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകര്‍ പോകുന്ന മുറയ്ക്കാണ് ലേണേഴ്സ് ഉള്‍പ്പെടെ പുതിയ സ്ലോട്ടുകള്‍ ഓപ്പണാകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയായപ്പോള്‍ നേട്ടം കൊയ്യുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളാണ്.
Source link